'ജി.പി.എസ്, ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകള്‍'; പുതിയ അനുഭൂതിയാകാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേയുടെ 'അനുഭൂതി' കോച്ചുകള്‍
India
'ജി.പി.എസ്, ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകള്‍'; പുതിയ അനുഭൂതിയാകാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേയുടെ 'അനുഭൂതി' കോച്ചുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th March 2017, 7:38 pm

ചെന്നൈ: റിസര്‍വേഷന്‍ വേണ്ടാത്ത ദീര്‍ഘദൂര തീവണ്ടി അന്ത്യോദയ എക്‌സ്പ്രസ് അവതരിപ്പിച്ച ശേഷം മറ്റൊരു സുപ്രധാനമായ പരിഷ്‌കാരത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. സ്വപ്‌നതുല്യമായ സൗകര്യങ്ങളോടെയുള്ള “അനുഭൂതി” കോച്ചുകളാണ് റെയില്‍വേ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ ശതാബ്ദി തീവണ്ടികളിലാണ് അനുഭൂതി കോച്ചുകള്‍ ഉള്‍പ്പെടുത്തുക.

ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മികച്ച സൗകര്യങ്ങളാണ് അനുഭൂതി കോച്ചുകളില്‍ എന്നാണ് അറിയുന്നത്. ചെന്നൈയിലെ പെരമ്പൂരിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഈ കോച്ചുകള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.


Also Read: മിഷേലിന്റെ മരണം: ഐ.ജിയുടെ നേതൃത്വത്തില്‍ ഗോശ്രീ പാലത്തില്‍ തെളിവെടുപ്പ്


56 പേര്‍ക്കാണ് ഒരു അനുഭൂതി കോച്ചില്‍ ഇരിക്കാന്‍ കഴിയുക. മണിക്കൂറില്‍ 160 കിലോമീറ്ററാണ് അനുഭൂതി ലക്ഷ്വറി ഹൈസ്പീഡ് ഇന്റര്‍സിറ്റി കോച്ചുകളുടെ പരമാവധി വേഗത.

പൂര്‍ണ്ണമായും എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കുന്ന കോച്ചില്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഇന്റര്‍ കമ്യൂണിക്കേഷന്‍ സ്ലൈഡിംഗ് വാതിലുകളാണ് ഉണ്ടാകുക. ജി.പി.എസ്, മൊഡ്യുലാര്‍ ശൗചാലയങ്ങള്‍, മിനി പാന്‍ട്രി എന്നിവയുമുണ്ട് അനുഭൂതിയില്‍.

ആഡംബര തീവണ്ടിയായ തേജസ് എക്‌സ്പ്രസും നിര്‍മ്മാണഘട്ടത്തിലാണ്. തേജസ് എക്സ്പ്രസില്‍, ഹെഡ്ഫോണ്‍ സോക്കറ്റോട് കൂടിയ എല്‍സിഡി എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീനുകളാണ് ഒരോ ചെയറുകള്‍ക്കും നല്‍കിയിരിക്കുന്നത്. പുതിയ കോച്ചുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.