സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കാന്‍ ശാസ്ത്രീയമായ ഒരു തെളിവുമില്ല: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി
national news
സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കാന്‍ ശാസ്ത്രീയമായ ഒരു തെളിവുമില്ല: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th April 2023, 10:07 am

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കാന്‍ ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഒന്നുമില്ലെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി(Indian Psychiatric Society -IPS). സ്വവര്‍ഗ ദമ്പതികള്‍ മാതാപിതാക്കളാകാന്‍ യോഗ്യരല്ലെന്ന വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും സൊസൈറ്റി പ്രസ്താവിച്ചു.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ പ്രസ്താവന.

സ്വവര്‍ഗ വിവാഹവും QIA+ദമ്പതികളുടെ ദത്തെടുക്കലും നിയമവിധേയമാക്കിയ യു.കെ, യു.എസ്.എ, നെതര്‍ലാന്‍ഡ്സ്, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ശാസ്ത്രീയ ഗവേഷണത്തിനെ അടിസ്ഥാനമാക്കിയാണ് ഐ.പി.എസിയുടെ പ്രസ്താവന.

LGBTQIA+ കമ്മ്യൂണിറ്റിയിലെ വ്യക്തികളെ രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ പരിഗണിക്കുമെന്നും വിവാഹം, ദത്തെടുക്കല്‍, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ എല്ലാ പൗരാവകാശങ്ങളും ഇവര്‍ക്കും അനുവദിക്കണമെന്നും, ഇക്കാര്യങ്ങളില്‍ വിവേചനമുണ്ടാകുന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

സ്വവര്‍ഗ വിവാഹത്തിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടിനെയും ഐ.പി.എസ് പ്രസ്താവനയില്‍ വിമര്‍ശിച്ചു.

സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നത്. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്.

ഇന്ത്യന്‍ സംസ്‌കാരത്തിനും ജീവിതരീതിക്കും സ്വവര്‍ഗ വിവാഹം എതിരാണെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. സ്വവര്‍ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

‘ഒരേ ലിംഗത്തിലുള്ളവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിലവില്‍ കുറ്റകരമല്ലെങ്കിലും, അതിനെ വിവാഹത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരിക സാധ്യമല്ല. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പവുമായി താരതമ്യപ്പെടുത്താനാവുന്ന ഒന്നല്ല,’ സത്യവാങ്മൂലത്തില്‍ പറഞ്ഞു.