ന്യൂദല്‍ഹി: അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ആവേശം പകര്‍ന്ന് ഇന്ത്യന്‍ സൈക്കാര്‍ട്ടിയാക്ക് അസോസിയേഷന്റെ പ്രസ്താവന. സ്വവര്‍ഗ്ഗാനുരാഗം മാനസിക രോഗമോ, കുറ്റകൃത്യമോ അല്ലെന്നാണ് ഇന്ത്യന്‍ സൈക്കാര്‍ട്ടിയാക്ക് അസോസിയേഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
സ്വവര്‍ഗ്ഗനുരാഗം ഹിന്ദുവിരുദ്ധമാണെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ സൈക്കാര്‍ട്ടിയാക്ക് അസോസിയേഷന്റെ നിലപാട് എന്നതും ശ്രദ്ധേയമാണ്.
ALSO READ: സ്വവര്‍ഗ്ഗാനുരാഗം കുറ്റക്കരമാക്കുന്ന വിധിയുടെ പുനപരിശോധന: കേന്ദ്രസർക്കാർ നിലപാട് ഇന്നറിയാം
നിലവില്‍ സ്വവര്‍ഗ്ഗരതി കുറ്റകൃത്യമാക്കുന്ന സെക്ഷന്‍ 377 സുപ്രീം കോടതി പുനപരിശോധിക്കുകയാണ്. തിങ്കളാഴ്ച ആരംഭിച്ച പുനപരിശോധനയില്‍ കോടതി ഇന്നും വാദം കേള്‍ക്കും. കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വവര്‍ഗ്ഗാനുരാഗത്തെ മനുഷ്യന്റെ ലൈംഗികതയില്‍ ഉള്ള ഒരു വ്യതിയാനമായാണ് സൈക്കാര്‍ട്ടിയാക്ക് അസോസിയേഷന്‍ കാണുന്നതെന്നും പ്രസ്താവനയിലുണ്ട്. ഉഭയലൈംഗികതയും, എതിര്‍വര്‍ഗ്ഗ ലൈംഗിതയും പോലെയുള്ള വ്യതിയാനം മാത്രമാണിത്. ലൈംഗികത ചികിത്സ കൊണ്ട് മാറ്റാന്‍ സാധിക്കുമെന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നും ഐ.പി.എസ് പറയുന്നുണ്ട്.