ഐ.ആര്‍.എന്‍.എസ്. എസ്: ഇന്ത്യന്‍ ദൗത്യം വിജയം
India
ഐ.ആര്‍.എന്‍.എസ്. എസ്: ഇന്ത്യന്‍ ദൗത്യം വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2013, 9:33 am

[]ചെന്നൈ: രാജ്യത്തിന്റെ ആദ്യ ഗതിനിര്‍ണയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് ഒന്ന് എ വിജയകരമായി വിക്ഷേപിച്ചു.

തിങ്കളാഴ്ച രാത്രി 11.41ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിച്ചുയര്‍ന്നത്. []

ഇന്ത്യയുടെ ##പി.എസ്.എല്‍.വി. സി22 റോക്കറ്റാണ് ഐ.ആര്‍.എന്‍.എസ്.എസ്. 1എ യെ നിശ്ചിത സമയപരിധിക്കുള്ളില്‍ത്തന്നെ ഭ്രമണപഥത്തിലെത്തിച്ചത്.

നിലവില്‍ യുഎസ്, റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു മാത്രമുള്ള നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ രംഗത്തെ സാങ്കേതികവിദ്യാ വികസനപാതയിലാണ്.

ഇതാദ്യമായാണ് ഐ.എസ്.ആര്‍.ഒ. അര്‍ധരാത്രിയോടടുപ്പിച്ച് വിക്ഷേപണം നടത്തുന്നത്. ദിശാനിര്‍ണയ മേഖലയില്‍ ഇനി ഇന്ത്യയ്ക്ക് കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നാണ് ഇതോടെ കരുതപ്പെടുന്നത്. വിക്ഷേപിച്ച്, ലക്ഷ്യമിട്ട സമയത്തിനകം ഐ.ആര്‍.എന്‍.എസ്.എസ്1 എ ഭ്രമണപഥത്തിലെത്തിയതായി ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു.

വ്യോമ, നാവിക, കര ഗതാഗതം, ദുരിത നിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള നാവിക നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ സഹായകമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന പ്രഥമ ഇന്ത്യന്‍ നാവിഗേഷന്‍ സാറ്റലൈറ്റാണ് ഐ.ആര്.എന്‍.എസ്.എസ്. 1എ. രാജ്യത്തിന്റെ 1,500 കിലോ മീറ്റര്‍ ചുറ്റളവിലുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഉപഗ്രഹത്തിനാവും.

ബ്യാലലുവിലെ ഐ.എസ്.ആര്‍.ഒ നാവിഗേഷന്‍ കേന്ദ്രമാണ് ഐ.ആര്‍.എന്‍.എസ്.എസിനെ നിയന്ത്രിക്കുക. ഇതിനു പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റേഞ്ച് ആന്‍ഡ് ഇന്റഗ്രിറ്റി മോണിറ്ററിങ് സ്‌റ്റേഷനുകള്‍, സി.ഡി.എംഎ റേഞ്ചിങ് സ്‌റ്റേഷനുകള്‍, നെറ്റ്‌വര്‍ക്ക് ടൈമിങ് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കും. സ്‌പേസ്‌ക്രാഫ്റ്റ് കണ്‍ട്രോള്‍ സൗകര്യം, ഡേറ്റാ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് എന്നിവയും പ്രവര്‍ത്തിക്കും.

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ശാസ്ത്രജ്ഞന്മാരും എന്‍ജിനീയര്‍മാരുമടക്കമുള്ള സംഘവും ശ്രീഹരിക്കോട്ടയില്‍ ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.