| Wednesday, 14th October 2020, 5:18 pm

കൊവിഡിനെതിരായ ആന്റിബോഡി അഞ്ച് മാസത്തോളം ശരീരത്തിലുണ്ടാകും; പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ ഗവേഷക സംഘത്തിന്റെതാണ് ഈ പുതിയ കണ്ടെത്തല്‍.

കൊറോണ രോഗം സ്ഥിരീകരിച്ച 6000 പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഗവേഷക സംഘം അറിയിച്ചു. ഇന്ത്യന്‍ വംശജനായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍.

‘വൈറസ് ശരീരത്തില്‍ ബാധിച്ചതിനു ശേഷം ഏകദേശം 5-7 മാസം വരെ ഉയര്‍ന്ന നിലവാരമുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി’- ഭട്ടാചാര്യ പറഞ്ഞു.

‘കൊവിഡ് 19 എതിരെയുള്ള പ്രതിരോധശേഷി ദീര്‍ഘനാള്‍ നിലനില്‍ക്കില്ലെന്ന പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ശരീരത്തിലെ ആന്റിബോഡിയുടെ ആയുസ്സ് എത്രയെന്ന് കണ്ടെത്താനായിരുന്നു പഠനം നടത്തിയത്. സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്ന് കുറഞ്ഞത് 5 മാസത്തോളം ആന്റിബോഡികള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തുകയായിരുന്നു’- ഭട്ടാചാര്യ പറഞ്ഞു.

സാര്‍സ്‌കോവ് 2 വൈറസ് ആദ്യം കോശങ്ങളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഹൃസ്വകാല പ്ലാസ്മ സെല്ലുകളെ വിന്യസിക്കുകയും ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. അണുബാധയുണ്ടായി ആദ്യത്തെ 14 ദിവസത്തിനുള്ളില്‍ നടത്തുന്ന പരിശോധനയില്‍ ഈ ആന്റിബോഡി കണ്ടെത്താന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത ഘട്ടം രോഗപ്രതിരോധത്തിനായി ദീര്‍ഘകാല പ്ലാസ്മ സെല്ലുകളെ സൃഷ്ടിക്കലാണ്. ഇത്തരം സെല്ലുകള്‍ ഉയര്‍ന്ന നിലവാരമുള്ള ആന്റിബോഡികളെ ഉല്‍പ്പാദിപ്പിക്കുന്നതു കൂടാതെ വൈറസിനെതിരെ ദീര്‍ഘകാല പ്രതിരോധശേഷി തീര്‍ക്കുകയും ചെയ്യുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട് വിശദീകരിച്ച് ഗവേഷകര്‍ പറഞ്ഞത്.

കൊറോണ വൈറസ് ഭേദമായവരില്‍ തന്നെ രോഗം രണ്ടാമതും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Covid Immunity Lasts 5 Months In Human Body

We use cookies to give you the best possible experience. Learn more