| Thursday, 28th June 2012, 11:44 am

സുര്‍ജിത് സിങ് മോചിതനായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സുര്‍ജിത് സിങ്ങ് ജയില്‍ മോചിതനായി. ഇന്ന് വൈകിട്ടോടെ ഇദ്ദേഹം ഇന്ത്യയിലെത്തും. കഴിഞ്ഞ 31 വര്‍ഷമായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സുര്‍ജിത് സിങ് ലാഹോറിലെ കോട് ലഖ്പത്‌റായ് ജയിലില്‍ കഴിയുകയായിരുന്നു. പഞ്ചാബിലെ ഫിദ്ദെ സ്വദേശിയാണ് സുര്‍ജിത് സിങ്.

1980 ല്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് സിയാഹുല്‍ ഹഖിന്റെ ഭരണകാലത്ത് അതിര്‍ത്തിയില്‍ ചാരപ്രവര്‍ത്തി നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാന്‍ പട്ടാളം ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇദ്ദേഹത്തിന്റെ വധശിക്ഷ 1989 ല്‍ അന്നത്തെ പ്രസിഡന്റ് ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചിരുന്നു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് ഇദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചത്.

31 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനാകുന്നതിലുള്ള സന്തോഷം സുര്‍ജിത്ത് പ്രകടിപ്പിച്ചു. മാതൃരാജ്യത്ത് തിരിച്ചെത്താന്‍ കാത്തിരിക്കുകയാണെന്നും എത്തിയാലുടന്‍ കുടുംബാംഗങ്ങളെയും പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രവും സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കഴിയുന്ന പാക്കിസ്ഥാനി തടവുകാരെ മോചിപ്പിക്കണമെന്ന് 69 കാരനായ സുര്‍ജിത് സിങ് ഇന്ത്യന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കഴിഞ്ഞ 22 വര്‍ഷമായി പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന സരബ്ജിത് സിങ്ങിനെയാണ്മോചിപ്പിക്കുന്നതെന്നായിരുന്നു ആദ്യം പാക്കിസ്ഥാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് തിരുത്തിയ പാക്കിസ്ഥാന്‍ സരബ്ജിത്തിനെയല്ല സുര്‍ജിത്തിനെയാണ് മോചിപ്പിക്കുന്നത് അറിയിച്ചു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സരബ്ജിത്തിനെ മോചിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ഇന്നലെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

1990 ല്‍ ലാഹോറില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടാണ് സരബ്ജിത് സിങ് ജയിലില്‍ കഴിയുന്നത്. സുര്‍ജിത്തിന്റെ പേര് മാറി സരബ്ജിത്ത് എന്നായതാണെന്നായിരുന്നു പാക്കിസ്ഥാന്‍ ഇതിന് വിശദീകരണം നല്‍കിയത്. എന്നാല്‍ പാക്കിസ്ഥാനിലെ തീവ്രവാദി സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പേര് മനപൂര്‍വ്വം മാറ്റിയതാണെന്ന വാദവും ശക്തമാണ്.

We use cookies to give you the best possible experience. Learn more