ലാഹോര്‍: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ തടവില്‍ കഴിയുകയായിരുന്ന സരബ്ജിത് സിംഗ് മരിച്ചു. പുലര്‍ച്ചെ ഒരു മണിക്ക് സരബ്ജിത് മരിച്ചതായി അല്ലാമ ഇഖ്ബാല്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും ലാഹോറിലെ ജിന്ന ആശുപത്രിയില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന മെഡിക്കല്‍ വിഭാഗം തലവനുമായ മഹമൂദ് ഷൗക്കത്ത് സ്ഥിരീകരിച്ചു.[]
തലക്ക് മാരകമായി പരിക്കേറ്റ സരബ്ജിത്തിന്റെ ആരോഗ്യനില വളരെ മോശമായതിനെ തുടര്‍ന്ന് അര്‍ധരാത്രിയോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റുകയും തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സരബ്ജിത്ത് കോമ സ്‌റ്റേജിലേക്ക് പോയിരുന്നതായി മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാന്‍ വളരെ പോസ്റ്റീവായാണ് സരബ്ജിത്തിന്റെ ചികിത്സാകാര്യത്തില്‍ ശ്രധിച്ചിരുന്നതായി മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നയതന്ത്ര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സഹതടവുകാരുടെ മര്‍ദനമേറ്റ് ഏപ്രില്‍ 26 മുതല്‍ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
സരബ്ജിത് സിങ്ങിനെ അബോധാവസ്ഥയില്‍ നിന്ന് രക്ഷിക്കാനാവില്ലെന്നും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്തവിധം സ്ഥിതി ഗുരുതരമാണെന്നും മെഡിക്കല്‍ ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.
പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ മര്‍ദനത്തിന് ഇരയായി ലാഹോറിലെ ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത് സിങ്ങിന്റെ കുടുംബം ബുധനാഴ്ച ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
സരബ്ജിത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായ സാഹചര്യത്തില്‍, ഭാവി നടപടികള്‍ തീരുമാനിക്കുന്നതിനായിട്ടാണ് ബന്ധുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങിയത്.
സരബ്ജിത് സിങ്ങിനെ പാകിസ്ഥാനില്‍ തന്നെ ചികില്‍സിച്ചാല്‍ മതിയെന്നും അദ്ദേഹത്തെ വേറെ എവിടേക്കെങ്കിലും മാറ്റാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നും പാക് സര്‍ക്കാര്‍ നിേയാഗിച്ച വിദഗ്ധ സമതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിദഗ്ധ ചികില്‍സയ്ക്കായി സരബ്ജിത് സിങ്ങിനെ പാക്കിസ്ഥാന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെടുക്കാന്‍ നാലംഗ വിദഗ്ധ സമിതിയെ പാകിസ്ഥാന്‍ നിയോഗിച്ചത്.