കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയുടെ അനാച്ഛാദനവും 12 കോടി രൂപ ചെലവില്‍ മൂന്ന് ശ്രീകോവിലുകള്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ സമര്‍പ്പണവും ഏപ്രില്‍ 25ന് വൈകിട്ട് ആറിന് ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോളിലൂടെ നിര്‍വഹിക്കും
Dool Plus
കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയുടെ അനാച്ഛാദനവും 12 കോടി രൂപ ചെലവില്‍ മൂന്ന് ശ്രീകോവിലുകള്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ സമര്‍പ്പണവും ഏപ്രില്‍ 25ന് വൈകിട്ട് ആറിന് ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോളിലൂടെ നിര്‍വഹിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th April 2023, 4:56 pm

തൃശൂര്‍: പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തില്‍ 12 കോടി രൂപ ചെലവില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുള്ള ശ്രീ സീതാരാമസ്വാമി ക്ഷേത്രം, ശ്രീ ശിവക്ഷേത്രം, ശ്രീ അയ്യപ്പക്ഷേത്രം എന്നീ മൂന്ന് ശ്രീകോവിലുകളുടെ സമര്‍പ്പണവും ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏറ്റവും വലിയ ഹനൂമാന്‍ പ്രതിമയുടെ അനാച്ഛാദനവും ഏപ്രില്‍ 25ന് വൈകീട്ട് 6ന് ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോളിലൂടെ നിര്‍വഹിക്കും.

ശ്രീകോവിലുകള്‍ 24 കാരറ്റില്‍ 18ഓളം കിലോ സ്വര്‍ണം ഉപയോഗിച്ചാണ് സ്വര്‍ണം കൊണ്ട് പൊതിഞ്ഞിട്ടുള്ളത്. ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് അംഗവും കല്യാണ്‍ ജുവലേഴ്‌സ് എം.ഡി.യുമായ ടി.എസ്. കല്യാണരാമനാണ് 12 കോടി രൂപ ചെലവില്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവിലുകള്‍ സമര്‍പ്പിക്കുന്നത്. ടി.എസ്. കല്യാണരാമന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോളിലൂടെ ശ്രീകോവിലുകളുടെ സമര്‍പ്പണവും ഹനുമാന്‍ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കുമെന്ന് സമ്മതിച്ചത്. 40ഓളം തൊഴിലാളികള്‍ 6 മാസംകൊണ്ടാണ് സ്വര്‍ണം പൊതിയലിന്റെ പണി പൂര്‍ത്തീകരിച്ചത്.

ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിന്റെ മുന്‍വശത്ത് 55 അടി ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഹനുമാന്‍ വിഗ്രഹം ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് നന്ദ്യാല്‍ ജില്ലയില്‍ അല്ലഗഡയില്‍ ശ്രീ ഭാരതി ശില്പ കലാമന്ദിരത്തിലെ ശില്പി വി. സുബ്രഹ്‌മണ്യം ആചാര്യയുടെ നേതൃത്വത്തിലാണ് തയാറാക്കിയത്. 30ഓളം തൊഴിലാളികള്‍ മൂന്ന് മാസത്തോളം സമയമെടുത്താണ് ഹനൂമാന്‍ പ്രതിമക്ക് രൂപം നല്‍കിയത്. ഹനുമാന്‍ പ്രതിമയില്‍ ലേസര്‍ ഷോയും ഒരുക്കുന്നുണ്ട്. രാമായണത്തിലെ വിവിധ രംഗങ്ങള്‍ ഹനൂമാന്‍ ചാലിസ ഓഡിയോ പശ്ചാത്തലത്തിണ്‍ ഹനുമാന്‍ പ്രതിമയിലൂടെ പ്രദര്‍ശിപ്പിക്കുന്ന ലേസര്‍ ഷോവിന്റെ ദൈര്‍ഘ്യം 10 മിനിറ്റാണ്. സംസ്ഥാനത്തുതന്നെ ഇത്തരം ലേസര്‍ ഷോ ഒരുക്കുന്നത് ഇതാദ്യമായിട്ടാണ്. ഹനുമാന്‍ പ്രതിമയ്ക്കും ലേസര്‍ ഷോവിനും കൂടി ഏതാണ്ട് രണ്ടര കോടി രൂപയോളം ചെലവ് വരും.

തൃശൂര്‍ ജില്ലാ കളക്ടര്‍ ശ്രീ കൃഷ്ണ തേജ, ക്ഷേത്രത്തിന്റെയും മഹാകുംഭാഭിഷേക സമിതിയുടേയും ഭാരവാഹികളായ ടി.എസ്. കല്യാണരാമന്‍, ടി.എസ്. രാമകൃഷ്ണന്‍, ടി.ആര്‍. രാജഗോപാല്‍, ടി.എ. ബാലരാമന്‍, ടി.എസ്. പട്ടാഭിരാമന്‍, ടി.എസ്. അനന്തരാമന്‍, ടി.എസ്. വിശ്വനാഥയ്യര്‍, ഡി. മൂര്‍ത്തി എന്നിവര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോളിലൂടെ നിര്‍വഹിക്കുന്ന സമര്‍പ്പണ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കും.

സ്വര്‍ണരഥമുള്ള കേരളത്തിലെ ഏക ക്ഷേത്രം, ശ്രീരാമനും സീതാദേവിയും ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം, ഏറ്റവും ഉയരത്തില്‍ ഹനുമാന്‍ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം, രഥോത്സവം നടക്കുന്ന ജില്ലയിലെ ഏക ക്ഷേത്രം തുടങ്ങി നിരവധി സവിശേഷതകളുമുള്ള ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തില്‍ ഏപ്രില്‍ 27നാണ് മഹാകുംഭാഭിഷേകം നടക്കുന്നത്. കുംഭഭിഷേകത്തോടനുബന്ധിച്ചിട്ടുള്ള വൈദിക ചടങ്ങുകള്‍ ഏപ്രില്‍ 21ന് ആരംഭിച്ചു. ശ്രീ ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി കലശവും ഏപ്രില്‍ 27ന് സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 27 വരെ വൈകീട്ട് സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

മഹാകുംഭാഭിഷേകത്തിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ 20 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. ക്ഷേത്രത്തില്‍ 500 സ്‌ക്വയര്‍ ഫീറ്റില്‍ ശ്രീരാമജനനം മുതല്‍ പട്ടാഭിഷേകം വരെ ചുമര്‍ചിത്രം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ നടപാത വീതികൂട്ടല്‍, മണ്ഡപം പുനര്‍നിര്‍മാണം എന്നിവയും വികസനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

Content Highlight: Indian Prime Minister Narendra Modi will unveil the largest Hanuman statue in Kerala