| Thursday, 24th February 2022, 8:04 pm

പുടിനുമായി മോദി ചര്‍ച്ച നടത്തും; ചര്‍ച്ച ആവശ്യപ്പെട്ടത് റഷ്യയെന്ന് വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ടെലിഫോണില്‍ ഇരുവരും ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റഷ്യയാണ് ചര്‍ച്ചയ്ക്ക് ആവശ്യം ഉന്നയിച്ചതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

റഷ്യ-ഉക്രൈന്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇതിന്റെ ആഘാതം ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, ഉക്രൈനെതിരെ സൈനിക നടപടികള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉത്തരവിട്ടതിനു പിന്നാലെതന്നെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത ക്രൂഡ് ഓയില്‍ വില ബാരലിന് നൂറ് ഡോളര്‍ പിന്നിട്ടു. 2014 ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇത്രയും ഉയര്‍ന്നത്. ആഗോള ഓഹരി വിപണിയിലും റഷ്യന്‍ നീക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വിപണികളിലും ഇതിന്റെ പ്രതിഫലനം വ്യക്തമാണ്. ബി.എസ്.ഇ സെന്‍സെക്‌സ് 1,428.34 പോയിന്റ് താഴ്ന്ന് 55,803.72ലും നിഫ്റ്റി 413.35 പോയിന്റ് താഴ്ന്ന് 16,647.00ലും എത്തി. ബി.എസ്.ഇയിലെയും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെയും(എന്‍.എസ്.ഇ) ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകള്‍ ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ തിരിച്ചടി നേരിട്ടു. എസ് ആന്റ് പി ബി.എസ്.ഇ സെന്‍സെക്‌സ് 68.62 പോയിന്റ് (0.12 ശതമാനം) ഇടിഞ്ഞ് 57,232.06 ലും നിഫ്റ്റി 50 28.95 പോയിന്റ് (0.17 ശതമാനം) ഇടിഞ്ഞ് 17,063.25 ലും അവസാനിച്ചു.

CONTENT HIGHLIGHTS: Indian Prime Minister Narendra Modi will hold talks with Russian President Vladimir Putin

We use cookies to give you the best possible experience. Learn more