| Wednesday, 18th October 2023, 3:41 pm

ഗസയിലെ ഇസ്രഈലിന്റെ ആശുപത്രി ആക്രമണം; അപലപിച്ച് പ്രധാനമന്ത്രി, 'സംഭവത്തിന് പിന്നിലുള്ളവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗസയിലെ ആശുപത്രിയിലെ ഇസ്രഈലി ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമണത്തിന് പിന്നിലുള്ളവര്‍ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നരേന്ദ്ര മോദി പറഞ്ഞു.

‘ഗസയിലെ അല്‍ ഹില ആശുപത്രിയില്‍ മനുഷ്യജീവനുകള്‍ പൊലിഞ്ഞ ദുരന്തം നടന്നതിന്റെ നടുക്കത്തിലാണ്. ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖപ്പെടട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

നിലവിലെ സംഘര്‍ഷത്തില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ആക്രമണങ്ങള്‍ വളരെ ഗൗരവമുള്ള വിഷയമാണ്. ഇതിന് പിന്നിലുള്ളവര്‍ തീര്‍ച്ചയായും അതിന്റെ ഉത്തരവാദിത്തമേല്‍ക്കണം.

കുട്ടികള്‍ ഉള്‍പ്പെടെ 500 പേരെങ്കിലും കൊല്ലപ്പെട്ട ആശുപത്രി ആക്രമണത്തില്‍ ലോക രാഷ്ട്രങ്ങളില്‍ നിന്ന് വലിയ വിമര്‍ശനമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇസ്രഈലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ആക്രമണം നടത്തിയതായി അറിയിപ്പുകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും തങ്ങള്‍ക്ക് പ്രതികൂലമായ പ്രതികരണമാണ് ലഭിക്കുന്നത് എന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ സംഭവത്തില്‍ ഉത്തരവാദിത്തം നിഷേധിക്കുകയും ഹമാസില്‍ കുറ്റം ആരോപിക്കുകയും ചെയ്യുകയാണ് ഇസ്രഈല്‍.

ഇസ്രഈല്‍ – ഗസ യുദ്ധത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു.

ആശുപത്രി ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയതിന് പിന്നാലെയായിരുന്നു ഗുട്ടറസിന്റെ പ്രസംഗം. കഴിഞ്ഞ ആഴ്ചയിലെ ആക്രമണങ്ങളെ വിശദീകരിച്ചതിനെ അപേക്ഷിച്ച് കടുത്ത ഭാഷയിലാണ് ഗുട്ടറസ് ആശുപത്രി ആക്രമണത്തെ അപലപിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് പകരം ഫലസ്തീന്‍ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിനോട് അടിയന്തരമായി നിരുപാധികം ബന്ദികളെ വിട്ടയക്കാനും ഇസ്രഈലിനോട് അനിയന്ത്രിതമായി ഗസയില്‍ സഹായങ്ങള്‍ എത്തിക്കുവാന്‍ അനിവദിക്കാനും ഗുട്ടറസ് ആവശ്യപ്പെട്ടു.

‘ഒരുപാട് ജീവനുകളും ഒരു പ്രദേശത്തിന്റെ മൊത്തം വിധിയും തുലാസിലാടുകയാണ്,’ ഗുട്ടറസ് പറഞ്ഞു.

CONTENT HIGHLIGHTS; Indian Prime Minister condemns Israel’s hospital attack in Gaza

Latest Stories

We use cookies to give you the best possible experience. Learn more