‘ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവര്‍’, ഇങ്ങനെയാണ് കായികതാരങ്ങളെ എല്ലാ പത്രമാധ്യമങ്ങളും വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ എല്ലാ കാലത്തും ഏറ്റവുമധികം ചൂഷണവും വഞ്ചനയും നടക്കുന്ന ഇടങ്ങളിലൊന്നാണ് കായികമേഖല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരിക്കുന്നത് അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 56 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക വനിതയായ കോഴിക്കോട് സ്വദേശി മജ്‌സിയ ബാനുവാണ്.
കേരളത്തിന്റെ സ്‌ട്രോംഗ് വുമണായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി. സാമ്പത്തിക പ്രതിസന്ധിമൂലം സ്‌പോണ്‍സര്‍ഷിപ്പ് തേടേണ്ടിവന്നപ്പോഴാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്രതലത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ മജ്‌സിയ വഞ്ചിക്കപ്പെട്ടത്. സ്‌പോണ്‍സര്‍ ചെയ്യാമെന്നേറ്റ് കമ്പനി വാക്ക് മാറ്റി സ്‌പോണ്‍സര്‍ഷിപ്പില്‍ മാറ്റം വരുത്തി. ഇത് ചോദ്യം ചെയ്തപ്പോള്‍ ഖത്തറില്‍ വന്നാല്‍ എത്ര രൂപവേണമെങ്കിലും തരാം എന്നായിരുന്നു കമ്പനിയുടെ മറുപടി. അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കമുള്ള തെളിവുകളുമായി മജ്‌സിയ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
സ്പോര്‍ട്സില്‍ വന്നതു തൊട്ടേ സ്പോര്‍സര്‍ഷിപ്പിന്റെ ബുദ്ധിമുട്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. ആദ്യമായിട്ട് സ്പോര്‍ട്സില്‍ വന്നപ്പോള്‍ തന്നെ ഒരുപാട് സംഘടനകള്‍ സഹായം തന്നിട്ടാണ് ആദ്യത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയസംഘടനകളായാലും മതസംഘടനകളായാലും നാട്ടുകാരായലും ഒരുപോലെ വളരെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിട്ടാണ് ആദ്യത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
പിന്നീടാണ് ഞാന്‍ സ്പോണ്‍സര്‍ഷിപ്പ് എന്നതിലേക്ക് വരുന്നത്. ആദ്യത്തെ സ്പോണ്‍സര്‍ഷിപ്പിന് ഫണ്ടില്ല എന്ന് പറഞ്ഞപ്പോള്‍ ഒരു സ്പോണ്‍സര്‍ ഏറ്റെടുത്തതാണ്. പിന്നീടവര്‍ ഞാന്‍ ഹിജാബ്ഡ് ആണെന്ന് പറഞ്ഞ് പിന്മാറി. ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ വാങ്ങുന്നതിനപ്പുറം അവര്‍ അതിലേക്ക് വര്‍ഗീയത കൊണ്ടുവരികയും സ്പോണ്‍സര്‍ഷിപ്പ് തരാന്‍ പറ്റില്ല എന്ന് പറഞ്ഞ് പിന്മാറുകയും ചെയ്തു.
അതിന് ശേഷം എല്ലാ ചാമ്പ്യന്‍ഷിപ്പിലും ഞാന്‍ വളരെ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമായിരുന്നു. അത് കഴിഞ്ഞ് ഞാന്‍ പണ്ടത്തേതിലും കുറച്ച് കൂടുതല്‍ മെഡലൊക്കെ കൊണ്ടുവന്നപ്പോള്‍ നല്ല ഉയര്‍ന്ന തലത്തിലേക്ക് മാറുകയായിരുന്നു.
അപ്പോള്‍ നമുക്ക് സോഷ്യല്‍മീഡിയയിലായാലും മറ്റെല്ലായിടത്തും കുറച്ചുകൂടി സ്വാധീനമുണ്ടാകുമല്ലോ. അങ്ങനെ ഒരുപാട് പ്രോഗ്രാമുകളൊക്കെ ചെയ്തിരുന്നു. അതിന് പേയ്മെന്റ് കിട്ടിയിരുന്നു. പിന്നെ ഉദ്ഘാടനങ്ങള്‍ക്കൊക്കെ പോയിരുന്നു. കൂടാതെ പരസ്യങ്ങളൊക്കെ ചെയ്തിരുന്നു. അങ്ങനെ കിട്ടിയിരുന്ന കാശൊക്കെ എന്റെ കുടുംബത്തിന്റെ ക്ഷേമത്തിനാണ് ഉപയോഗിച്ചിരുന്നത്.
ഈയൊരു മത്സരത്തിന് സെലക്ഷന്‍ കിട്ടിയപ്പോള്‍ എറണാകുളത്തുള്ള സുഹൃത്ത് വഴിയാണ് കണ്ണൂര്‍ സ്വദേശിയായ ദോഹയിലും സൗദിയിലും ബിസിനസുള്ള മെറിഡിന്‍ ഗ്രൂപ്പിന്റെ നസീര്‍ എന്നയാളെ പരിചയപ്പെടുന്നത്. ഞാനിന്നുവരെ അയാളെ നേരിട്ട് കണ്ടിട്ടില്ല. വാട്സാപ്പ് വഴിയാണ് കോണ്‍ടാക്ട് ചെയ്യുന്നത്. അവര് വിളിച്ച് ചോദിച്ചു എന്താണ് എന്റെ ആവശ്യം എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു ചാമ്പ്യന്‍ഷിപ്പാണ് റഷ്യയില്‍വെച്ചാണ് നടക്കുന്നത്. എനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് വേണം എന്ന് പറഞ്ഞു. അപ്പോള്‍ എന്നോട് ചോദിച്ചു എത്ര രൂപ വേണം എന്ന്.
പരിശീലനത്തിനൊക്കെ കാശ് വേണമെന്നതിനാല്‍ ഞാന്‍ 3 ലക്ഷം രൂപ വേണംമെന്ന് പറഞ്ഞു. ആ രീതിയിലുള്ള സ്‌പോണ്‍സര്‍ഷിപ്പാണ് വേണ്ടത്. അപ്പോള്‍ അവര്‍ ഒകെ വേണ്ടതെല്ലാം ചെയ്യാം എന്നൊക്കെ പറഞ്ഞു. ഒരു വര്‍ഷത്തേക്ക് ഏറ്റെടുക്കാം എന്ന് അവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. അങ്ങനെ കാശടയ്‌ക്കേണ്ട സമയമായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചതാണ്.
അപ്പോള്‍ എന്നോട് എഗ്രിമെന്റിന്റെ വര്‍ക്കിലാണ്, സെക്രട്ടറി അത് ചെയ്തുകൊണ്ടിരിക്കുകയാണ്. എഗ്രിമെന്റ് നിങ്ങള്‍ക്ക് മെയിലായിട്ട് അയക്കുന്നതാണ് എന്ന് പറഞ്ഞു. അങ്ങനെ ഇതിന്റെ ഡേറ്റ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ഇതിന്റെ എഗ്രിമെന്റ് എന്റെ കൈയിലെത്തുന്നത്. എഗ്രിമെന്റ് വന്നപ്പോള്‍ ഞാന്‍ ശരിക്കും ഷോക്കായി.
കാരണം ഞാന്‍ അവരോട് ചോദിച്ചത് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി 3 ലക്ഷം രൂപയാണ്. പക്ഷെ അവര്‍ ഒരു വര്‍ഷത്തേക്കാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഒരു വര്‍ഷം മുഴുവന്‍ അവര്‍ തരുന്നത് 2 ലക്ഷം രൂപയാണ്. ഒരു വര്‍ഷത്തേക്ക് എന്റെ കരിയര്‍ ട്രാപ്പ് ചെയ്യുന്ന രൂപത്തിലാണ് കരാര്‍. കാരണം വേറെ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ പാടില്ല. വേറെ കമ്പനികളുടെ ബ്രാന്‍ഡിംഗ് ചെയ്യാന്‍ പാടില്ല.
ഞാന്‍ പറഞ്ഞു എനിക്ക് ഈ 2 ലക്ഷം കൊണ്ട് ഈ ചാമ്പ്യന്‍ഷിപ്പ് ചെയ്യാന്‍ സാധിക്കില്ല. അത് മാത്രവുമല്ല ഈയൊരു രണ്ട് ലക്ഷം എന്ന് പറയുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് തന്നെ ഒരുപാട് ചാമ്പ്യന്‍ഷിപ്പ് വരും എല്ലത്തിലും പങ്കെടുക്കുക എന്ന് പറയുന്നത് സാധ്യവുമല്ല. പിന്നെ ഒരു വര്‍ഷം നിങ്ങളുടെ കരാറിലൊപ്പിട്ടാല്‍ എനിക്ക് വേറെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ സാധിക്കുകയുമില്ല എന്ന് പറഞ്ഞു.
രണ്ട് വര്‍ഷത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പാണ് ഒരുപാട് കണ്ടീഷന്‍സും ഉണ്ട്. 50000 രൂപ എഗ്രിമെന്റ് ഒപ്പുവെച്ചതിന് ശേഷം തരും. മത്സരത്തിന് പോകുന്നതിന് മുന്‍പ് 50000, മത്സരം കഴിഞ്ഞ് വന്ന് കണക്കുകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ ഒരു ലക്ഷം എന്നാണ് കരാര്‍. ഫിനാന്‍ഷ്യലി ഞാന്‍ ഡൗണാണ്. വീട്ടില്‍ എനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് മത്സരത്തിന് പോകാന്‍ വേണ്ടിയാണ് ഞാന്‍ സ്‌പോണ്‍സര്‍ഷിപ്പ് ചോദിക്കുന്നത് എന്ന് പറഞ്ഞു.
അപ്പോള്‍ അവര്‍ പറഞ്ഞു നിങ്ങള്‍ ഖത്തറില്‍ വരണം നമുക്ക് ഇരുന്ന് സംസാരിക്കാമെന്ന്. മൂന്നല്ല അഞ്ച് ലക്ഷം രൂപ തരാനും ഞങ്ങള്‍ തയ്യാറാണ്. ആ രീതിയില്‍ വളരെ മോശമായ ഒന്നു രണ്ട് വാക്കുകള്‍ അയാള്‍ ഉപയോഗിച്ചിട്ടുണ്ട്. അതെനിക്ക് പെട്ടെന്ന് അയച്ചുതന്നതിന് ശേഷം അവര്‍ അത് ഡിലീറ്റാക്കി.
ഞാന്‍ പറഞ്ഞു എനിക്ക് വേണ്ടത് സ്‌പോണ്‍സര്‍ഷിപ്പാണ്. അല്ലാതെ നിങ്ങളുടെ ചാരിറ്റി ക്യാഷോ എനിക്ക് തരാനുള്ള പൈസയോ അല്ല ഞാന്‍ ചോദിക്കുന്നത്. എന്റെ ഫിനാന്‍ഷ്യലി ബാക്ഗ്രൗണ്ട് മോശമായതുകൊണ്ട് സ്‌പോണ്‍സര്‍ഷിപ്പാണ് വേണ്ടത്, ഞാന്‍ ടാലന്റഡാണ്. അതിനുള്ള പിന്തുണയാണ് വേണ്ടത്. ഈ രീതിയിലെനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞ് ഞാന്‍ പിന്മാറുകയായിരുന്നു.
പിന്മാറിയതിന് ശേഷം ഞാന്‍ അനുഭവപ്പെട്ടത് ഞാന്‍ ഒരു സംഘടനയുമായി ബന്ധപ്പെട്ട് സേവ് ചൈല്‍ഡ് ഫൗണ്ടേഷന്‍ എന്നവരുമായി ഒരു ക്ലാഷ് ഉണ്ട്. ഞാന്‍ അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു. പക്ഷെ ആ ഗ്രൂപ്പില്‍ ഒരുപാട് സാമ്പത്തിക തിരിമറി ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കഫീല്‍ഖാന്‍ അതിലെ ബ്രാന്‍ഡ് അംബാസഡറാണ് എന്നൊക്കെ പറഞ്ഞിട്ടാണ് ഞാന്‍ അതിലേക്ക് എത്തിപ്പെടുന്നത്. എന്നാല്‍ അതില്‍ പോയതിന് ശേഷം കഫീല്‍ഖാനെ വിളിച്ചതിന് ശേഷമാണ് ഞാനറിയുന്നത് പാവം കഫീല്‍ഖാന്‍ പോലും അറിയുന്നില്ല അദ്ദേഹം ഇതിന്റെ അംബാസഡറാണെന്ന്.
അദ്ദേഹത്തിന്റെ പേര്, പ്രശസ്തി, ഫോട്ടോ എന്നിവയൊക്കെ വച്ച് പോസ്റ്റര്‍ ഇറക്കുക. അതുവെച്ച് ആളുകളെ ആകര്‍ഷിക്കുക, സാമ്പത്തികമായി പിരിവെടുക്കുക അതൊക്കെയായിരുന്നു ആ സംഘടനയുടെ ലക്ഷ്യം. അത് ഞാന്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഈ ഫോട്ടോ ഉള്ളയാളുടെ ലോഗോ ഞാന്‍ പോസ്റ്റിട്ടുണ്ടായിരുന്നു. അപ്പോള്‍ ഇയാള്‍ എന്ത് ചെയ്തു, ഈ നസീറും ഇയാളും കൂടെ കൈകോര്‍ത്തിട്ട് എന്നെപ്പറ്റി മോശമായി കമന്റ് ചെയ്യുന്ന രീതിയില്‍ പോസ്റ്റുകളിറക്കി തുടങ്ങി. അപ്പോള്‍ ഞാന്‍ അയാള്‍ക്കെതിരെ ഈ സ്‌ക്രീന്‍ഷോട്ടും കാര്യങ്ങളും വെച്ചിട്ട് എന്റെ വാളില്‍ പോസ്റ്റിട്ടു.
കാരണം എനിക്ക് നേരത്തേയുള്ള സാമ്പത്തിക പ്രതിസന്ധി ഒന്ന്, രണ്ടാമത് എനിക്ക് ചാമ്പ്യന്‍ഷിപ്പിന് പൈസയില്ല എന്നൊക്കെ പറഞ്ഞിട്ടാണ് പോസ്റ്റിട്ടത്. അതിനുശേഷമാണ് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പല സ്ത്രീകള്‍ക്കും ഇങ്ങനെ സെക്ഷ്വലി അബ്യൂസ് നേരിടുന്നു എന്ന് എനിക്ക് മനസിലായത്. അവര്‍ പറയുന്നത് അവരുടെ വീട്ടിലെ പ്രാരാബ്ധങ്ങളും അവരുടെ സ്വപ്‌നങ്ങളുമായിട്ടാണ് ഗള്‍ഫിലൊക്കെ പോയി ജോലി ചെയ്യുന്നത്.
അപ്പോള്‍ ജോലിയ്ക്കിടയില്‍ ഇങ്ങനെയൊരു അനുഭവം വന്നാല്‍ ഞങ്ങള്‍ക്ക് സഹിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ല. അതുമല്ല ഒച്ചവെച്ചാല്‍ തന്നെ കമ്പനിയുടെ ഉടമസ്ഥനാണ് ഇയാള്‍. തങ്ങളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകും എന്ന ഭയമായിരുന്നു ഈ സ്ത്രീകള്‍ക്ക്.
ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റിട്ടത് ഇവര്‍ക്ക് വലിയ സന്തോഷമായി. ഈ പിന്നോട്ടുനിന്ന സ്ത്രീകള്‍പോലും മുന്നോട്ടുവന്ന് പ്രതികരിക്കാന്‍ തുടങ്ങി. അവരിപ്പോള്‍ എന്നോട് പറയുന്നത് നിങ്ങള്‍ ഖത്തറില്‍ വന്നിട്ട് പറയണം, എന്നിട്ടയാളെ അവിടെ നിന്ന് ബാന്‍ ചെയ്യണം എന്നൊക്കെയാണ്. കാരണം ഒരുപാട് പേര്‍ക്ക് ജോലി ഓഫര്‍ ചെയ്തിട്ട് ചതിച്ച ഒരാളാണ്. അയാളുടെ ശരിയായ മുഖം സമൂഹമറിയണം.