കുംബ്ലെ, ഗാംഗുലി, ദ്രാവിഡ്... ഇവര്‍ക്കൊപ്പം അശ്വിനും; ഇങ്ങനെ കരിയര്‍ അവസാനിപ്പിച്ചവരില്‍ ഏഴാമന്‍
Sports News
കുംബ്ലെ, ഗാംഗുലി, ദ്രാവിഡ്... ഇവര്‍ക്കൊപ്പം അശ്വിനും; ഇങ്ങനെ കരിയര്‍ അവസാനിപ്പിച്ചവരില്‍ ഏഴാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th December 2024, 4:25 pm

അപ്രതീക്ഷിതമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമുള്ള ആര്‍. അശ്വിന്റെ വിരമിക്കല്‍. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റ് മഴയെടുത്തതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം പത്രസമ്മേളനത്തിലാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചത്.

ചെപ്പോക്കിന്റെ മണ്ണില്‍, സ്വന്തം തട്ടകത്തില്‍, അര്‍ഹിച്ച വിടവാങ്ങലോടെ അശ്വിന്‍ വിരമിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയാണ് അശ്വിന്‍ തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടി പടിയിറങ്ങുമ്പോള്‍ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളില്‍ അനില്‍ കുംബ്ലെക്ക് ശേഷം രണ്ടാമന്‍, ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ഫൈഫര്‍ നേടിയ താരങ്ങളില്‍ സാക്ഷാല്‍ മുത്തയ്യ മുരളീധരന് ശേഷം രണ്ടാമന്‍, ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരം സ്വന്തമാക്കിയ താരങ്ങളില്‍ മുത്തയ്യക്കൊപ്പം ഒന്നാമന്‍ തുടങ്ങി എണ്ണമറ്റ റെക്കോഡുകള്‍ സ്വന്തമാക്കിയാണ് അശ്വിന്‍ വിടപറയുന്നത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ തങ്ങളുടെ ടെസ്റ്റ് കരിയറിന് വിരാമമിട്ട ഏഴാമത് ഇന്ത്യന്‍ താരമാണ് അശ്വിന്‍. സാക്ഷാല്‍ അനില്‍ കുംബ്ലെയില്‍ തുടങ്ങി വി.വി.എസ് ലക്ഷ്മണിലൂടെ അശ്വിനിലെത്തി നില്‍ക്കുകയാണ് ബി.ജി.ടിയില്‍ വിരമിച്ച താരങ്ങളുടെ പട്ടിക.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലൂടെ കരിയറിന് വിരാമമിട്ട ഇന്ത്യന്‍ താരങ്ങള്‍

സൗരവ് ഗാംഗുലി

2008ലാണ് ദാദ തന്റെ റെഡ് ബോള്‍ കരിയറിന് വിരാമമിട്ടത്. 2008ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാഗ്പൂര്‍ ടെസ്റ്റിന് പിന്നാലെയാണ് ബംഗാള്‍ ടൈഗര്‍ ടെസ്റ്റില്‍ നിന്നും പടിയിറങ്ങിയത്. ഇത് തന്റെ അവസാന പരമ്പരയായിരിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.

അനില്‍ കുംബ്ലെ

2008 ബി.ജി.ടിയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് ഇന്ത്യന്‍ സ്പിന്‍ വിസാര്‍ഡ് റെഡ് ബോള്‍ കരിയറിനോട് ഗുഡ് ബൈ പറഞ്ഞത്. മത്സരത്തിനിടെ കൈവരലിന് പരിക്കേറ്റ താരത്തിന് ആറ് മാസത്തെ വിശ്രമം നിര്‍ദേശിച്ചിരുന്നു. ഇതിനോടകം തന്നെ 38 വയസുകാരനായ കുംബ്ലെക്ക് പരിക്കിന് ശേഷം ഒരു തിരിച്ചുവരവും പ്രയാസമായിരുന്നു. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതമായാണ് കുംബ്ലെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 

വി.വി.എസ് ലക്ഷ്മണ്‍

2012ലെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലാണ് ലക്ഷ്മണ്‍ തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. ഓസ്‌ട്രേലിയ ആതിഥേയരായ പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കിയിരുന്നു.

രാഹുല്‍ ദ്രാവിഡ്

ഇന്ത്യ 4-0ന് വിജയിച്ച 2012ലെ പര്യടനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ വന്‍മതിലും പാഡഴിച്ചത്. അഡ്‌ലെയ്ഡില്‍ നടന്ന അവസാന ടെസ്റ്റിലെ വിജയത്തിന് ശേഷം ഒരു മാസത്തോളം കഴിഞ്ഞാണ് ദ്രാവിഡ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2012 ബി.ജി.ടിയിലെ അവസാന ടെസ്റ്റ് ദ്രാവിഡിന്റെ അവസാന ടെസ്റ്റായും ഇതോടെ അടയാളപ്പെടുത്തപ്പെട്ടു.

വിരേന്ദര്‍ സേവാഗ്

2013ല്‍ ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റിന് പിന്നാലെ സേവാഗിന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ശേഷം ഒരിക്കല്‍പ്പോലും അദ്ദേഹം ഇന്ത്യക്കായി ലോങ്ങര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയിരുന്നില്ല. 2015ല്‍ അദ്ദേഹം അന്താരാഷ്ട്ര കരിയറിനും വിരാമമിട്ടു.

 

എം.എസ്. ധോണി

2014ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയും ടെസ്റ്റ് ഫോര്‍മാറ്റിനോട് ഗുഡ് ബൈ പറഞ്ഞത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു താരത്തിന്റെ പടിയിറക്കം.

ആര്‍. അശ്വിന്‍

ഈ ലിസ്റ്റിലെ അവസാനക്കാരനാണ് അശ്വിന്‍. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിലാണ് അശ്വിന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങിയത്. ബ്രിസ്‌ബെയ്‌നില്‍ നടന്ന മത്സരത്തില്‍ അശ്വിന്‍ ടീമിന്റെ ഭാഗമായിരുന്നില്ല.

 

Content Highlight: Indian players who ended their Test career in the Border Gavaskar Trophy