ന്യൂദല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ പ്രവചനമുണ്ടായിരുന്നു. രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും ടീന്‍ ഇന്ത്യ മൈതാനത്തു കാണിക്കുന്ന ആത്മവിശ്വാസം എല്ലാവരുടെയും മനം കവരുന്നതാണ്.
കൊളംബിയക്കെതിരായ രണ്ടാം മത്സരത്തില്‍ ആരാധകരെ ആവേശത്തിലാക്കി ആദ്യമായി ഫിഫ ലോകകപ്പില്‍ ഇന്ത്യയുടെ ഗോളും പിറന്നിരുന്നു. ജിയാക്‌സാണായിരുന്നു ഇന്ത്യക്കുവേണ്ടി ഗോള്‍ നേടിയത്.
ഗോള്‍ കീപ്പര്‍ ധീരജിന്റെ പ്രകടനവും മികച്ചു നിന്നു. എന്നാല്‍ കൊളംബിയയുടെ പരിശീലകന്‍ ഓര്‍ലാന്‍ഡോ റെസ്‌ട്രോപൊയുടെ മനം കവര്‍ന്നത് ഇവരായിരുന്നില്ല. മധ്യനിരയില്‍ കളിച്ചിരുന്ന അന്‍വര്‍ അലിയും നമിത് ദേശ്പാണ്ഡെയുമായിരുന്നു ഓര്‍ലാന്‍ഡൊയുടെ കണ്ണില്‍ മികച്ച ഒത്തിണക്കത്തോടെ കളിച്ചിരുന്നത്. ഇരുവരും കൊളംബിയന്‍ താരങ്ങളെ മികച്ച രീതിയില്‍ പ്രതിരോധിച്ചു നിര്‍ത്തിയെന്നും ഓര്‍ലാന്‍ഡൊ പറഞ്ഞു.
ഇന്ത്യ നന്നായി കളിച്ചുവെന്നും പരിശീലകനും കളിക്കാരും അഭിനന്ദനമര്‍ഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയെ കൊളംബിയ പരാജയപ്പെടുത്തിയത്.