അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ പാക് സൂപ്പര്‍ താരം മുഹമ്മദ് ആമിര്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ബ്രിട്ടീഷ് പൗരത്വം ഉടന്‍ തന്നെ ലഭിക്കുമെന്നും ഇതോടെ ഐ.പി.എല്‍ കളിക്കാന്‍ സാധിച്ചേക്കുമെന്നാണ് ആമിര്‍ പറഞ്ഞത്.
ആമിറിന്റെ വാക്കുകള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ താരങ്ങള്‍ ഐ.പി.എല്‍ കളിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് സര്‍ക്കിളുകളിലും സജീവമായിരുന്നു.
പാകിസ്ഥാന്‍ താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുന്നത് കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്കും പല ഇന്ത്യന്‍ താരങ്ങള്‍ക്കും ആഗ്രഹമുണ്ടെന്ന് പറയുകയാണ് ആമിര്‍ ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പാകിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കണമെന്നാഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്. ചില ഇന്ത്യന്‍ താരങ്ങളും ഇക്കാര്യം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ തുറന്ന് പറയാന്‍ അവര്‍ക്ക് സാധിക്കില്ല,’ ആമിര്‍ പറഞ്ഞു.
നേരത്തെ എ.ആര്‍.വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഐ.പി.എല്‍ കളിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് മനസു തുറന്നത്. ഐ.പി.എല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഇംഗ്ലണ്ട് ടീമിന് വേണ്ടി കളിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
‘ആദ്യം തന്നെ പറയട്ടെ, ഇംഗ്ലണ്ടിന് വേണ്ടി ഞാന്‍ കളിക്കില്ല. ഞാന്‍ പാകിസ്ഥാന് വേണ്ടിയാണ് കളിച്ചത്. രണ്ടാമതായി ഐ.പി.എല്ലിനെ കുറിച്ച് പറയുകയാണെങ്കില്‍ അതിന് ഇനിയും ഒരു വര്‍ഷമുണ്ട്. ആ സമയത്തെ അവസ്ഥയെന്തായിരിക്കും… സ്റ്റെപ് ബൈ സ്റ്റെപ്പായി പോകാനാണ് ഞാനെപ്പോഴും പറയാറുള്ളത്. നാളെ എന്ത് നടക്കുമെന്ന് നമുക്കൊന്നും അറിയില്ല.
2024ല്‍ ഐ.പി.എല്‍ കളിക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ എവിടെയായിരിക്കും എന്ന് പോലും എനിക്കറിയില്ല. ആര്‍ക്കും ഭാവിയെ കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ല. എനിക്കെന്റെ പാസ്പോര്‍ട്ട് ലഭിക്കുമ്പോള്‍… മികച്ച അവസരം എന്താണോ, എനിക്ക് എന്താണോ ലഭിക്കുന്നത് അത് ഞാന്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തും,’ ആമിര്‍ പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഐ.പി.എല്ലില്‍ നിന്നും പാകിസ്ഥാന്‍ താരങ്ങള്‍ അപ്രത്യക്ഷമായത്. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ഷോയ്ബ് അക്തറും ഷാഹിദ് അഫ്രിദിയുമടക്കമുള്ള പാക് താരങ്ങള്‍ പല ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിരുന്നു. 2008ന് ശേഷമാണ് ബി.സി.സി.ഐ പാക് താരങ്ങളെ പുറത്ത് നിര്‍ത്താന്‍ തീരുമാനിക്കുന്നത്.
എന്നാല്‍ ഇതിന് ശേഷവും പാക് ഓള്‍ റൗണ്ടറായ അസര്‍ മഹമ്മൂദ് ഐ.പി.എല്ലിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ളതിനാലാണ് മഹമ്മൂദിന് ഐ.പി.എല്‍ കളിക്കാന്‍ സാധിച്ചത്. ഇതുപോലെ ആമിറും ഐ.പി.എല്ലിന്റെ ഭാഗമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content highlight: Indian players want Pakistan cricketers in IPL: Mohammad Amir