അടുത്തിടെ നടന്ന സിയറ്റ് ക്രിക്കറ്റ് അവാര്‍ഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് ഫാസറ്റ് ബൗളര്‍ മുഹമ്മദ് ഷമിയും ബാറ്റര്‍ ശ്രേയസ് അയ്യരും സംസാരിച്ചിരുന്നു.
കളിക്കളത്തില്‍ രോഹിത് വളരെ വ്യത്യസ്തനാണെന്നും ഗ്രൗണ്ടില്‍ താരങ്ങള്‍ക്ക് ഒരുപാട് സ്വാതന്ത്ര്യം നല്‍കുമെന്നുമാണ് ഇരുവരും പറഞ്ഞത്. എന്നാല്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ വിജയിച്ചില്ലെങ്കില്‍ രോഹിത് ദേഷ്യപ്പെടുമെന്നാണ് മുഹമ്മദ് ഷമി പറഞ്ഞത്. ഇതിനെ അനുകൂലിച്ചുകൊണ്ട് ശ്രേയസ്സും സംസാരിച്ചിരുന്നു.
‘ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. പക്ഷേ, നിങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാതെ വരികയും പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ അയാള്‍ക്ക് ദേഷ്യം വരും,’ ഷമി പറഞ്ഞു.
‘ഷമി പറഞ്ഞത് ശരിയാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ രോഹിത് എങ്ങനെ പ്രതികരിക്കുമെന്നും മറ്റൊരു സാഹചര്യത്തില്‍ എന്ത് സംഭവിക്കുമെന്നും നമുക്കറിയാം. വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നതിനാല്‍ ഞങ്ങള്‍ അവനെ മനസിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് എന്താണ് തോന്നുന്നതെന്ന് ഞങ്ങള്‍ക്കറിയാം,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ തുടര്‍ച്ചയായി പന്ത് വൈഡ് എറിഞ്ഞപ്പോള്‍ രോഹിത് രസകരമായി പ്രതികരിക്കുന്നത് നമ്മള്‍ കണ്ടതാണ്.
ചടങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ ഗ്രൗണ്ടില്‍ ഇങ്ങനെയാണെന്നും മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് രോഹിത് പറഞ്ഞത്.
‘മൈതാനത്ത് ഞാന്‍ ഞാനായിരിക്കണം, മത്സരങ്ങളില്‍ ഞാന്‍ ഇങ്ങനെയാണ് പ്രതികരിക്കുന്നത്. എന്റെ കളിക്കാര്‍ അവരാകാന്‍ ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ അത് സംഭവിക്കാന്‍, ഞാനും ഞാനായിരിക്കണം,’ അദ്ദേഹം പറഞ്ഞു.
Content Highlight: Indian Players Talking About Rohit Sharma