| Tuesday, 1st November 2022, 1:02 pm

നിങ്ങള്‍ക്കെന്നെ കോമാളിയാക്കാന്‍ കഴിഞ്ഞെന്നിരിക്കാം, ഓര്‍ത്തോളൂ ദൈവം എല്ലാം കാണുന്നുണ്ട്; ബി.സി.സി.ഐക്കെതിരെ ആഞ്ഞടിച്ച് താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ടി-20 ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിക്കൊണ്ടായിരുന്നു ടീം പ്രഖ്യാപിച്ചത്.

സീനിയര്‍ താരങ്ങളില്ലാത്തതിനാല്‍ യുവ താരങ്ങള്‍ക്ക് സ്‌ക്വാഡില്‍ പ്രധാന്യം ലഭിച്ചിട്ടുണ്ട്. ഷഹബാസ് അഹമ്മദ്, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക് തുടങ്ങിയവരെല്ലാം തന്നെ ടീമിന്റെ ഭാഗമായിട്ടുണ്ട്.

ഇതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ടീമിനെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജ മടങ്ങിയെത്തുന്നു എന്നതാണ് ബംഗ്ലാദേശിനെതിരായ സ്‌ക്വാഡിന്റെ ഏറ്റവും വലിയ പ്രത്യേകത.

യുവതാരങ്ങളായ രജത് പാടിദാര്‍, യഷ് ദയാല്‍ തുടങ്ങിയവരും ടീമിന്റെ ഭാഗമാണ്.

രണ്ട് പര്യടനങ്ങളിലുമായി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യ കളിക്കും.

എന്നാല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം പല ഇന്ത്യന്‍ താരങ്ങളും പ്രതികരണവുമായി എത്തിയിരുന്നു. തങ്ങളെ ടീമില്‍ നിന്നും തഴഞ്ഞതിന് പിന്നാലെയാണ് പൃഥ്വി ഷാ അടക്കമുള്ള താരങ്ങള്‍ പ്രതികരണവുമായി എത്തിയത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് തങ്ങളെ തഴഞ്ഞതിലുള്ള പ്രതികരണവും പ്രതിഷേധവും രേഖപ്പെടുത്തിയത്.

ഉമേഷ് യാദവ്, പൃഥ്വി ഷാ, രവി ബിഷ്‌ണോയ്, നിതീഷ് റാണ തുടങ്ങിയ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടും വൈറ്റ് ബോള്‍ മത്സരങ്ങളില്‍ തന്നെ തഴഞ്ഞതിന്റെ പ്രതിഷേധമായിരുന്നു ഉമേഷ് യാദവ് പങ്കുവെച്ചത്. ‘നിങ്ങള്‍ക്ക് എന്നെ കബളിപ്പിക്കാന്‍ സാധിച്ചെന്നിരിക്കാം, പക്ഷേ ദൈവം എല്ലാം കാണുന്നുണ്ട്’ എന്നായിരുന്നു ഇന്‍സ്റ്റ സ്റ്റോറിയില്‍ താരം കുറിച്ചത്.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെട്ട താരമാണ് രവി ബിഷ്‌ണോയ്. താരത്തേയും ഇന്ത്യ ഇനി നടക്കാനുള്ള പര്യടനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഏറെ നാളായി ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുന്ന പൃഥ്വി ഷാക്കും നിരാശയായിരുന്നു ഫലം.

ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ടി-20:

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍/വിക്കര്‌റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യ കുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ്. സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്.

ഏകദിനം:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ദീപക് ചഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ഏകദിനം:

രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, റിഷബ് പന്ത്, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍, യഷ് ദയാല്‍.

ടെസ്റ്റ്:

രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത്, കെ.എസ്. ഭരത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Content highlight: Indian players react strongly to their snubs by selectors

We use cookies to give you the best possible experience. Learn more