ജെന്റില്‍മെന്‍മാരുടെ കളിയാണ് ക്രിക്കറ്റ് എന്നാണ് പറയപ്പെടുന്നത്. കളിക്കളത്തില്‍ പാലിക്കേണ്ട മാന്യതയും താരങ്ങള്‍ തമ്മിലുള്ള ബഹുമാനവുമാണ് ഈ കളിയെ ഇത്രത്തോളം മനോഹരമാക്കുന്നത്.
എന്നാല്‍ ചിലപ്പോള്‍ താരങ്ങള്‍ ഇത്തരത്തിലുള്ള മര്യാദയും പരസ്പര ബഹുമാനവും മറക്കാറുണ്ട്. ഓവര്‍ സ്ലെഡ്ജിംഗും വാക്കേറ്റവും ഇതിന്റെ ഭാഗമായി ഉണ്ടാവാറുള്ളതുമാണ്. ഇത്തരം സംഭവങ്ങള്‍ കളിയുടെ മാന്യത കളഞ്ഞു കുളിക്കാറുമുണ്ട്.
അത്തരത്തിലൊരു സംഭവത്തിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കണ്ടത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബെവുമയെ ഔട്ടാക്കിയ ശേഷമുള്ള ഇന്ത്യന്‍ താരങ്ങളുടെ സെലബ്രേഷനും അപ്പോഴുണ്ടായ ചില പദപ്രയോഗങ്ങളുമാണ് ചര്‍ച്ചയായിരിക്കുന്നത്.
മത്സരത്തിന്റെ ഏഴാം ഓവറിലായിരുന്നു സംഭവം നടന്നത്. ദീപക് ചഹാറിന്റെ പന്ത് ഡ്രൈവ് ചെയ്ത് സിംഗിള്‍ നേടാനുള്ള ശ്രമമായിരുന്നു ബെവുമയുടെത്. എന്നാല്‍ പന്ത് ഇന്ത്യന്‍ നായകന്‍ രാഹുല്‍ പെട്ടന്ന് തന്നെ കൈപ്പിടിയിലൊതുക്കുകയും ഡയറക്ട് ഹിറ്റിലൂടെ വിക്കറ്റില്‍ കൊളളിക്കുകയുമായിരുന്നു.
നേരിട്ട് ഡിസിഷനിലെത്താല്‍ സാധിക്കാതെ വന്നപ്പോള്‍ ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയറുടെ സഹായം തേടുകയും ഔട്ട് വിധിക്കുകയുമായിരുന്നു. എന്നാല്‍ ടി.വി റീപ്ലേയുടെ സമയത്ത് ഇന്ത്യന്‍ താരങ്ങള്‍ ഒത്തു ചേരുകയും ഔട്ടായെന്ന് കണ്ടതോടെ ഹിന്ദിയില്‍ ബെവുമയെ അധിക്ഷേപിച്ച് പരസ്പരം സംസാരിക്കുകയും വിക്കറ്റ് ആഘോഷിക്കുകയുമായിരുന്നു.
എന്നാല്‍, ഭാഷ മനസിലാവത്തതുകൊണ്ടായിരുന്നിരിക്കാം, ഒന്നും പ്രതികരിക്കാതെ ബെവുമ ക്രീസ് വിടുകയായിരുന്നു.
ഇന്ത്യയുടെ ആ പെരുമാറ്റത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.
മത്സരത്തില്‍ ടോസ് നേടിയ രാഹുല്‍ ആദ്യം ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. 49.5 ഓവറില്‍ സൗത്താഫ്രിക്ക 287 റണ്ഡസിന് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ 43 ഓവര്‍ പിന്നിടുമ്പോള്‍ 231ന് 7 എന്ന നിലയിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഏകപക്ഷീയമായായിരുന്നു സൗത്ത് ആഫ്രിക്ക ജയിച്ചത്.