| Tuesday, 11th October 2022, 12:22 am

ഐ.സി.സിയുടെ മികച്ച താരത്തിനുള്ള അവാർഡ് ഇന്ത്യക്ക്; ഇത് ചരിത്ര നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സിയുടെ സെപ്റ്റംബറിലെ മികച്ച വനിതാ താരമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഇന്ത്യൻ വനിതാ താരം ഐ.സി.സിയുടെ നമ്പർ വൺ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ദാനയെയും ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയെയും മറികടന്നാണ് ഹർമൻ സെപ്റ്റംബറിലെ മികച്ച വനിതാ താരമായത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടി ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ ടോപ് സ്‌കോററായതാണ് ഹർമന് നേട്ടമായത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയിൽ 221 റൺസുമായാണ് ഹർമൻപ്രീത് ടോപ് സ്‌കോററായത്. പരമ്പരയിൽ ഹർമന് 103.27 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും നിലനിർത്താനായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ പുറത്താകാതെ 74 റൺസടിച്ച ഹർമൻ, രണ്ടാം മത്സരത്തിൽ പുറത്താകാതെ 143 റൺസടിച്ചിരുന്നു. ഏകദിനത്തിൽ ഹർമന്റെ ഉയർന്ന വ്യക്തിഗത സ്‌കോറുമാണിത്.

അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിരുന്നില്ലെന്നും വളരെയധികം സന്തോഷവതിയാണെന്നും താരം ട്വീറ്റ് ചെയ്തു.

”അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്, അതിശയകരമായ ഒരു കാര്യമായിട്ടാണ ഞാനിതിനെ കാണുന്നത്. സ്മൃതിക്കും നിഗറിനും ഒപ്പം നാമനിർദ്ദേശം ചെയ്യപ്പെടുമ്പോൾ വിജയിയായി വരുന്നത് അത്ഭുതകരമാണ്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ എല്ലായ്‌പ്പോഴും അഭിമാനിക്കുന്നു, ഇംഗ്ലണ്ടിൽ ഏകദിന പരമ്പരയിൽ ചരിത്ര വിജയം നേടിയതാണ് എന്റെ കരിയറിൽ നാഴികക്കല്ലായി മാറിയത്,” ഹർമൻപ്രീത് ട്വീറ്റ് ചെയ്തു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 181 റൺസുമായി ഹർമന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ സ്മൃതി മന്ദാന. രണ്ട് അർധസെഞ്ച്വറികൾ അടക്കമാണ് സ്മൃതി 181 റൺസടിച്ചത്.

യു.എ.ഇയിൽ നടന്ന വനിതാ ടി20 ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ബംഗ്ലാദേശിനെ ചാമ്പ്യൻമാരാക്കിയതിനൊപ്പം 180 റൺസുമായി ടൂർണെമന്റിലെ രണ്ടാമത്തെ റൺവേട്ടക്കാരായായിരുന്നു നിഗർ.

Content Highlights: Indian player wins ICC Women’s Player of the Month award for September 2022

We use cookies to give you the best possible experience. Learn more