| Monday, 10th October 2022, 11:40 pm

വിസ നടപടികൾ പൂർത്തിയായില്ല; ഇന്ത്യൻ താരം ടി20 വേൾഡ് കപ്പിനെത്താൻ വൈകും

സ്പോര്‍ട്സ് ഡെസ്‌ക്

ഈ മാസം 16ന് ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 വേൾഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് താരങ്ങൾ. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളറായി ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ വിസ നടപടികൾ പൂർത്തീകരിക്കാൻ വൈകിയതിനാൽ താരത്തിന്റെ ഓസ്ട്രേലിയയിലേക്കുള്ള പര്യടനം വൈകുമെന്നാണ് റിപ്പോർട്ട്.

നാളെ തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻറിൽ ഉമ്രാൻ ജമ്മു കശ്മീരിനായി പന്തെറിയാനെത്തുമെന്നും റിപ്പോർട്ടുണ്ട്. നാളെ മേഘാലയക്കെതിരെ മൊഹാലിയിൽ നടക്കുന്ന ജമ്മു കശ്മീരിൻറെ ആദ്യ മത്സരത്തിൽ പങ്കെടുക്കാൻ ഉമ്രാനും ഉണ്ടാകുമെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഡ്മിനിസ്ട്രേറ്റർ ബ്രിഡേഡിയർ അനിൽ ഗുപ്ത പറഞ്ഞു.

അതേസമയം നാളത്തെ മത്സരത്തിൽ മാത്രമെ ഉമ്രാന് കളിക്കാനാവൂ എന്നാണ് സൂചന. അതിനുള്ളിൽ വിസ നടപടികൾ പൂർത്തിയായാൽ ഉമ്രാൻ ഇന്ത്യൻ ടീമിലെ സ്റ്റാൻഡ് ബൈ താരങ്ങളായ ശ്രേയസ് അയ്യർ, ദീപക് ചാഹർ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ഓസ്ട്രേലിയയിലേക്ക് തിരിക്കും.

ഉമ്രാനൊപ്പം ഇന്ത്യൻ ടീമിൻറെ നെറ്റ് ബൗളറായി തെര‍ഞ്ഞെടുക്കപ്പെട്ട കുൽദീപ് സെന്നും ഓസ്ട്രേലിയയിലേക്ക് പോകുന്നത് വൈകുമെന്നാണ് റിപ്പോർട്ട്. സയ്യിദ് മുഷ്താഖ് അലിയിൽ കുൽദീപ് കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഈ മാസം ആറിനായിരുന്നു നെറ്റ് ബൗളർമാരായി തെരഞ്ഞെടുക്കപ്പെട്ട ഉമ്രാനും കുൽദീപും മുഹമ്മദ് സിറാജും ഓസ്ട്രേലിയയിലേക്ക് പോകേണ്ടിയിരുന്നത്.

സിറാജ് ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഈ മാസം 12ന് സിറാജ് സ്റ്റാൻഡ് ബൈ താരങ്ങൾക്കൊപ്പം ഓസ്ട്രേലിയയിലേക്ക് പോകുമെന്നാണ് വിവരം.

ആറിന് ഓസ്ട്രേലിയയിലേക്ക് പോയ ഇന്ത്യൻ ടീം പെർത്തിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ രണ്ട് സന്നാഹ മത്സരങ്ങളിൽ കളിച്ചശേഷം ഇന്ത്യൻ താരങ്ങൾ 16ന് ബ്രിസ്ബേനിലേക്ക് പോകും.

17ന് ബ്രിസ്ബേനിൽ ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഇതിനുശേഷം ന്യൂസിലൻഡുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും. 23ന് പാക്കിസ്ഥാനെതിരെ ആണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlights: Indian player’s Australia tour delayed due to visa issues

We use cookies to give you the best possible experience. Learn more