| Monday, 13th March 2023, 11:40 pm

'ഓസീസ് ആരാധകര്‍ കുരങ്ങനെന്ന് വിളിച്ച് ആക്ഷേപിച്ചു'; പരാതിപ്പെട്ട തന്നെ ഗ്രൗണ്ടില്‍ നിന്ന് മാറ്റാന്‍ റഫറിമാരും ശ്രമിച്ചു; ഉള്ളുതുറന്ന് ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് സീരീസിന്റെ നാലാം മത്സരം നടന്ന അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് ഗുജറാത്തിലെ കാണികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്ന് വന്നത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരായ വംശീയ ആക്രമണം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ തനിക്കേറ്റ ദുരവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജ്.

2021 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഓസീസ് ആരാധകര്‍ തന്നെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് സിറാജ് പറഞ്ഞത്. ആദ്യം താനത് വലിയ കാര്യമാക്കിയില്ലെന്നും എന്നാല്‍ വീണ്ടും അതാവര്‍ത്തിച്ചതോടെ മാച്ച് അമ്പയറുടെ അടുത്ത് പരാതി പറഞ്ഞെന്നുമാണ് സിറാജ് പറഞ്ഞത്. എന്നാല്‍ പരാതി കേട്ട മാച്ച് റഫറിമാര്‍ തന്നോട് പ്രശ്‌നം തീരുന്നതുവരെ ഗ്രൗണ്ടില്‍ നി്ന്ന് മാറി നില്‍ക്കാനാണ് പറഞ്ഞതെന്നും സിറാജ് വെളിപ്പെടുത്തി.

‘2021ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഓസീസ് ആരാധകരില്‍ ചിലര്‍ എന്നെ കുരങ്ങനെന്ന് വിളിച്ചു. ആദ്യത്തെ ദിവസം ഞാനത് അത്ര കാര്യമാക്കിയില്ല. ഞാന്‍ കരുതി അവര്‍ കള്ള് കുടിച്ചിട്ടുണ്ടാകുമെന്ന്. എന്നാല്‍ രണ്ടാം ദിനവും ഇത് തന്നെ ആവര്‍ത്തിച്ചതോടെ ഞാന്‍ ക്യാപ്റ്റന്‍ രഹാനെയോട് പരാതി പറഞ്ഞു.

എന്നിട്ട് ഞങ്ങള്‍ രണ്ട് പേരും കൂടെ ചേര്‍ന്ന് അമ്പയറോട് കാര്യം ധരിപ്പിച്ചു. പക്ഷെ അവര്‍ ഞങ്ങളോട് പറഞ്ഞത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ നിന്ന് മാറി നിന്നോളു എന്നാണ്. പ്രശ്‌നം കഴിഞ്ഞിട്ട് തിരിച്ച് വന്നാല്‍ മതിയെന്നും പറഞ്ഞു.

പക്ഷെ ഞങ്ങള്‍ അതിന് തയ്യാറായില്ല. ഞങ്ങളെന്തിന് മാറി നില്‍ക്കണമെന്നാണ് രഹാനെ അമ്പയറോട് തിരിച്ചു ചോദിച്ചത്. കാണികള്‍ പ്രശ്‌നമുണ്ടാക്കുന്നെങ്കില്‍ അവരെ പുറത്താക്കണമെന്നും ഞങ്ങളല്ല പോവേണ്ടതെന്നും അവിടെ നിന്ന് വാദിച്ചു. പക്ഷെ അമ്പയര്‍മാര്‍ തയ്യാറില്ല. പിന്നെ ഞങ്ങള്‍ കൂടുതലൊന്നും പറയാന്‍ നിന്നില്ല. വീണ്ടും കളിക്കാനിറങ്ങി. കാണികള്‍ വീണ്ടും എന്നെ അധിക്ഷേപിച്ചുകൊണ്ടേ ഇരുന്നു. ഞാനത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല,’ സിറാജ് പറഞ്ഞു.

എങ്കിലും ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് സീരീസ് ഇന്ത്യന്‍ ടീമിനും സിറാജിനും നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. സീരീസില്‍ അവസാന ടെസ്റ്റ് സമനിലയിലയിലെത്തിയതോടെ പരമ്പര നേടിയിരിക്കുകയാണ് ഇന്ത്യ. ആദ്യ രണ്ട് ടെസ്റ്റും ജയിക്കാനായതോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും ഇന്ത്യ യോഗ്യത നേടി.

Content Highlight: indian player muhammad siraj says australian fans called him monkey

We use cookies to give you the best possible experience. Learn more