| Saturday, 25th May 2019, 8:49 pm

കാശ്മീരിനേയും കേരളത്തേയും സമഭാവനയോടെ കാണണം; മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയെന്നും മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗാന്ധിജിയും ദീന്‍ ദയാല്‍ ഉപാധ്യായയും രാം മനോഹര്‍ ലോഹ്യയും ബാബ സാഹിബ് അംബേദ്കറും പഠിപ്പിച്ച കാര്യങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രിയും എന്‍.ഡി.എ ലോക്‌സഭാ കക്ഷി നേതാവ് നരേന്ദ്രമോദി. കാശ്മീരിനേയും കേരളത്തേയും സമഭാവനയോടെ കാണണമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു.

ഭരണഘടനയ്ക്ക് മുന്നില്‍ വണങ്ങിക്കൊണ്ടാണ് ഞാന്‍ നിങ്ങളോട് പറയുന്നത് നമ്മള്‍ ജനപ്രതിനിധികള്‍ക്ക് പക്ഷപാതങ്ങളില്ല. നമുക്കൊപ്പം ഇപ്പോള്‍ ഉള്ളവര്‍ക്കും ഇനി ഒപ്പമുണ്ടാകാന്‍ പോകുന്നവര്‍ക്കും ഒപ്പം നമ്മളുണ്ടാകും. ഞാന്‍ ഗാന്ധിജിയും ദീന്‍ ദയാല്‍ ഉപാധ്യായയും രാം മനോഹര്‍ ലോഹ്യയും ബാബ സാഹിബ് അംബേദ്കറും പഠിപ്പിച്ച കാര്യങ്ങളില്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാകാം. എന്നാല്‍ നിങ്ങളെല്ലാം ഇന്ത്യയുടെ നിയമനിര്‍മ്മാതാക്കളാണ്. കാശ്മീരിനേയും കേരളത്തേയും സമഭാവനയോടെ കാണണം. മോദിയാണ് നിങ്ങളെ ജയിപ്പിച്ചത് എന്ന് കരുതരുത്. ജനങ്ങളാണ് ജയിപ്പിച്ചത്. ഒരു പാര്‍ട്ടിക്ക് എത്ര സീറ്റ് കിട്ടിയാലും മുന്നണി രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കണമെന്നും മോദി പറഞ്ഞു.

ലോകം മുഴുവന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്ര മോദി. തന്നെ നേതാവായി തിരഞ്ഞെടുത്ത പാര്‍ട്ടിക്കും എന്‍ഡിഎയുടെ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.

എന്‍.ഡി.എയ്ക്ക് കിട്ടിയ ഈ വലിയ ജനവിധി വലിയ ഉത്തരവാദിത്വവും കൊണ്ടു വരുന്നുണ്ട്. അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കില്ല. എന്‍.ഡി.എയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. ഈ വര്‍ഷം മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയെന്നും മോദി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്. പുത്തന്‍ ഊര്‍ജവുമായി ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ തീരുമാനം ഇവിടെ വച്ച് എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്റെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണം. വോട്ടു ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കി. ഭയത്തില്‍ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം എന്നും മോദി പറഞ്ഞു

പുതിയ യുഗത്തിന്റെ സാക്ഷികളാണ് നമ്മള്‍. ഭരണഅനുകൂല ജനവിധിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. വിശ്വാസത്തിന്റെ ചരടിലാണ് ഭരണ അനുകൂല തരംഗം ബന്ധിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം മാത്രമല്ല ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടിയാണ് ഈ വിശ്വാസത്തിന് ജന്മം നല്‍കിയത്. ഇവിടെ ഇരിക്കുന്നവരെല്ലാം ജനങ്ങള്‍ നമ്മെ വിശ്വസിച്ചതുകൊണ്ടാണ് എത്തിയത്. അതുകൊണ്ടാണ് വിജയിക്കാന്‍ സാധിച്ചത്- മോദി പറഞ്ഞു.

ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം ഭരണഘടനയെ തലതൊട്ട് വന്ദിച്ചു കൊണ്ടാണ് മോദി പ്രസംഗിക്കാന്‍ തുടങ്ങിയത്

എന്‍.ഡി.എ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് മോദിയെ തെരഞ്ഞെടുത്തത്. ഷിരോമണി അകാലി ദള്‍ നേതാവ് പര്‍കാശ് സിങാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ശിവസേന നേതാവ് ഉദ്ദവ് താക്കറയും അതിനെ പിന്താങ്ങുകയായിരുന്നു.

മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍.ഡി.എ ഘടകക്ഷികള്‍ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത മോദിയെ അഭിനന്ദിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more