| Thursday, 23rd May 2019, 5:32 pm

പാര്‍ലമെന്റില്‍ ഇടതുപക്ഷമില്ലാതാകുമ്പോള്‍...

ജിതിന്‍ ടി പി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ ഗംഭീരപ്രകടനം കാഴ്ചവെച്ചെങ്കിലും കോണ്‍ഗ്രസിന് ആശ്വസിക്കാനൊന്നുമില്ല. 50 സീറ്റില്‍ മാത്രം മുന്നിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം ഇത്തവണയും കിട്ടുമോയെന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല.

തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇല്ലാതായത് ഇടതുപാര്‍ട്ടികളാണ്. തുടര്‍ച്ചയായി ഭരണം കൈയാളിയിരുന്ന ബംഗാളിലും ത്രിപുരയിലും നേരത്തെ തന്നെ നാമാവശേഷമായ ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പോടെ കേരളത്തിലും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ആകെയുള്ള 20 സീറ്റില്‍ ഒരു സീറ്റില്‍ മാത്രമാണ് സി.പി.ഐ.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് ലീഡുള്ളത്. അതും നേരിയ ഭൂരിപക്ഷം മാത്രം.

സംസ്ഥാന ഭരണം ഇപ്പോഴും ഇടതിനാണെങ്കിലും ഈ തോല്‍വി സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനും തിരിച്ചടിയാണ്.

രാഷ്ട്രീയ ഇന്ത്യയില്‍ തിരുത്തല്‍ ശക്തിയായി നിലനിന്നിരുന്ന ഇടതുപക്ഷത്തിന്റെ തളര്‍ച്ച ജനാധിപത്യ വിശ്വാസികളെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒന്നാണ്. ഒരു കാലത്ത് പ്രധാനമന്ത്രി സ്ഥാനം പോലും മുന്നിലേക്ക് വന്നിരുന്ന ഇടത് രാഷ്ട്രീയത്തിന്റെ തകര്‍ച്ച വിരല്‍ചൂണ്ടുന്നത് തീവ്രഹിന്ദുത്വം രാജ്യത്തെ അത്രമേല്‍ പിടിമുറുക്കിയിരിക്കുന്നു എന്നു തന്നെയാണ്.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇടതു ഇടപെടലുകള്‍ക്കായി ശബ്ദമുയര്‍ത്താന്‍ വിരലിലെണ്ണാവുന്ന അംഗങ്ങളെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ ഉണ്ടാകൂ എന്ന് വ്യക്തമായിരിക്കുകയാണ്. 2014ലെ 9 സീറ്റ് ആണ് ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന സി.പി.ഐ.എമ്മിന്റെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ അംഗബലം.

ഈ തെരഞ്ഞെടുപ്പോടെ അതിലും ചെറിയ സംഖ്യയിലേക്കെത്തുകയാണ്. 2004 ല്‍ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തോടെ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ വീണ്ടും അധികാര കസേരയിലേക്ക് ബി.ജെ.പി വോട്ടുചോദിച്ചപ്പോള്‍ ഇടതുപക്ഷത്തിന് 59 സീറ്റ് നല്‍കിയാണ് രാജ്യം പാര്‍ലമെന്റിലേക്കയച്ചത്.

അന്ന് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എയെ പുറത്തുനിന്നു പിന്തുണച്ച് ക്രിയാത്മക ഇടപെടലുകള്‍ നടത്താനും ഇടതുപക്ഷത്തിനായി. 1991 (57), 1989 (54), 1971 (53), 1996 (52) എന്നീ വര്‍ഷങ്ങളിലും ഇടതുപക്ഷത്തിന് 50 ല്‍ കൂടുതല്‍ അംഗങ്ങളുണ്ടായിരുന്നു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലേറിയതിന് ശേഷം ഇടതുപ്രസ്ഥാനങ്ങളായിരുന്നു സര്‍ക്കാരിനെതിരെ ആദ്യം പ്രക്ഷോഭം നയിച്ചിരുന്നത്. ഇടത് പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി-കര്‍ഷക സംഘടനകളാണ് മോദിസര്‍ക്കാരിനോട് നേരിട്ട് തെരുവില്‍ ഏറ്റുമുട്ടിയിരുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തന്ത്രം മെനയുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം നേരിട്ട പാളിച്ച ഇടതുപക്ഷത്തിനും സംഭവിച്ചുവെന്നു വേണം കരുതാന്‍. തമിഴ്നാട് മാത്രമാണ് ഇതിനൊരപവാദം.

1977 ന് ശേഷമുള്ള ഏറ്റവും കനത്ത തോല്‍വിയാണ് ഇടതുപക്ഷം കേരളത്തില്‍ ഇത്തവണ നേരിട്ടത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണു ബംഗാളില്‍ ഇടതുപക്ഷം നേരിട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ത്രിപുരയില്‍ അടിതെറ്റിയ ഇടതിന്റെ രണ്ട് സിറ്റിംഗ് സീറ്റിലും തോല്‍വിയാണ് കാത്തിരിക്കുന്നത്.

പി. രാജീവും സീതാറാം യെച്ചൂരിയുമടക്കമുള്ള അംഗങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് വിട്ടുപിരിഞ്ഞപ്പോള്‍ കക്ഷി രാഷ്ട്രീയഭേദമന്യേ പാര്‍ലമെന്റംഗങ്ങള്‍ നഷ്ടബോധമാണ് പ്രകടിപ്പിച്ചത്. കേവലം വ്യക്തിപ്രഭാവം എന്നതിലുപരി ഇടതുനയങ്ങള്‍ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായി അവതരിപ്പിക്കുകയും നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നേതാക്കള്‍ എന്ന പ്ലസ് പോയന്റ് തന്നെയാണ് ഇവരെ സഭാംഗങ്ങളില്‍ വേറിട്ടുനിര്‍ത്തുന്നത്.

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കും നോട്ടുനിരോധനത്തിനുമെതിരെ ശബ്ദമുയര്‍ത്തിയത് ഇടതുപക്ഷ എം.പിയായിരുന്ന സീതാറാം യെച്ചൂരിയായിരുന്നു. കഴിഞ്ഞ ബഡ്ജറ്റ് നയപ്രസംഗത്തില്‍, ലോക്സഭാ സെക്രട്ടറിയേറ്റിന് തിരഞ്ഞെടുത്ത 1075 നിര്‍ദേശങ്ങളില്‍ 443 എണ്ണവും എ.സമ്പത്ത് എം.പിയുടേതായിരുന്നു.

പതിനാറാം ലോക്സഭയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ പി.കെ ബിജുവും എം.ബി രാജേഷും സമ്പത്തുമുണ്ടായിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗങ്ങളിലൂടെ സംഘപരിവാര്‍ വിഷം വമിപ്പിച്ചപ്പോള്‍ പ്രതിരോധം തീര്‍ത്തത് മുഹമ്മദ് സലീമായിരുന്നു.

നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും രാജ്യം ഒറ്റക്ക് ഭരിക്കും എന്ന പ്രതീതി സൃഷ്ടിച്ച് ഇടതുപക്ഷം മത്സരിച്ചിട്ടില്ല. രാജ്യം ഭരിക്കാന്‍ വേണ്ടിയല്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും സാന്നിദ്ധ്യമുള്ള ഇടങ്ങളിലെല്ലാം ഇടതുപക്ഷ നേതാക്കളെ ജനം വോട്ട് ചെയ്ത് ജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇടതുപക്ഷത്തിന്റെ ആശയങ്ങളും നിലപാടുകളും ഏറ്റവും പ്രസക്തമാകേണ്ട തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം ദയനീയമായി തകര്‍ന്നടിയുന്നതെന്നും ഇതിനോട് ചേര്‍ത്ത് വായിക്കണം.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more