| Friday, 15th July 2022, 7:36 pm

ഇന്ത്യന്‍ ടീമില്‍ നിന്നും ഇംഗ്ലീഷ് ടീമിലേക്കുള്ള ഒഴുക്ക് തുടരുന്നു; പുതിയ ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നത് രാജസ്ഥാന്റെ സ്റ്റാര്‍ പേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക് ഇന്ത്യന്‍ താരങ്ങളുടെ ഒഴുക്ക് തുടരുന്നു. ചേതേശ്വര്‍ പൂജാരയ്ക്കും ഉമേഷ് യാദവിനും ശേഷം പേസര്‍ നവ്ദീപ് സെയ്‌നിയാണ് ഇംഗ്ലീഷ് കൗണ്ടി ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നത്.

ഇംഗ്ലണ്ടില്‍ കളിക്കാന്‍ ഏറ്റവും പുതുതായി കരാറൊപ്പിട്ട താരമാണ് സെയ്‌നി.

2019ല്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച ഈ 29കാരന്‍, ഇന്ത്യയ്ക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.

കെന്റിന് വേണ്ടിയായിരിക്കും വാരാനിരിക്കുന്ന സീസണില്‍ സെയ്‌നി കളിക്കുന്നത്. ഐ.പി.എല്ലില്‍ രാജസ്ഥാന്റെ സ്റ്റാര്‍ പേസര്‍മാരില്‍ ഒരാളായിരുന്ന സെയ്‌നി ഇന്ത്യയ്ക്കായി 21 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി 11 ടി-20 മത്സരങ്ങളും കളിച്ച താരം 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. ആറ് ഏകദിനത്തില്‍ നിന്നും എട്ട് വിക്കറ്റ് പിഴുതെറിഞ്ഞ സെയ്‌നി, രണ്ട് ടെസ്റ്റില്‍ നിന്നും നാല് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

‘ലോക ക്രിക്കറ്റിലെ വേഗമേറിയ അഞ്ച് ബൗളര്‍മാരില്‍ ഒരുവനായി പ്രകീര്‍ത്തിക്കപ്പെട്ട സെയ്‌നി 95 മൈല്‍ വേഗതയില്‍ പന്തെറിയാന്‍ കെല്‍പുള്ള താരമാണ്. കരിയറില്‍ 2.92 എക്കോണമിയില്‍ 148 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്,’ കെന്റിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞു.

‘കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. കെന്റിന് വേണ്ടി എന്റെ മുഴുവന്‍ കഴിവും പുറത്തെടുത്ത് ഞാന്‍ കളിക്കും,’ സെയ്‌നി പറഞ്ഞു.

മൂന്ന് കൗണ്ടി ചാമ്പ്യന്‍ഷിപ്പുകളും അഞ്ച് റോയല്‍ ലണ്ടന്‍ കപ്പ് മത്സരങ്ങളും സെയ്‌നി കെന്റിന് വേണ്ടി കളിക്കും. സീസണില്‍ കൗണ്ടി കളിക്കുന്ന അഞ്ചാമത് താരമാണ് സെയ്‌നി.

സെയ്‌നിക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ വാഷിങ്ടണ്‍ സുന്ദര്‍, ചേതേശ്വര്‍ പൂജാര, ക്രുണാല്‍ പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവരാണ് ഇംഗ്ലീഷ് മണ്ണില്‍ കളിക്കാനിറങ്ങുന്നത്.

വാഷിങ്ടണ്‍ സുന്ദര്‍ ലങ്കാഷെയറിന് വേണ്ടിയും ചേതേശ്വര്‍ പൂജാര സസക്‌സിനായും ക്രുണാല്‍ പാണ്ഡ്യ വാര്‍വിക് ഷെയറിന് വേണ്ടിയും ഉമേഷ് യാദവ് മിഡില്‍സ്എക്‌സിന് വേണ്ടിയുമാണ് കളിക്കാനിറങ്ങുന്നത്.

നവ്ദീപ് സെയ്‌നി ടീമിനൊപ്പം ചേരുന്നതോടെ കെന്റിന്റെ ബൗളിങ് നിര കരുത്താര്‍ജ്ജിക്കുമെന്നുറപ്പാണ്. നിലവില്‍ പത്ത് ടീമുകളുടെ ടൂര്‍ണമെന്റില്‍ എട്ടാമതാണ് കെന്റ്. അഞ്ച് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരിച്ചുവരാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് കെന്റ്.

Content Highlight: Indian pacer Navdeep Saini to play county cricket for Kent

We use cookies to give you the best possible experience. Learn more