| Saturday, 3rd December 2022, 11:00 am

ഒരു പരമ്പര തോറ്റ് നില്‍ക്കുമ്പോഴാണ് അടുത്ത തിരിച്ചടി; ബംഗ്ലാദേശ് പരമ്പരയില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും സൂപ്പര്‍ താരം മുഹമ്മദ് ഷമി പുറത്ത്. കൈക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ഷമി ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും പുറത്തായിരിക്കുന്നത്.

ഏകദിന സ്‌ക്വാഡിലും ടെസ്റ്റ് സ്‌ക്വാഡിലും അംഗമായതിനാല്‍ തന്നെ ഷമിയുടെ പരിക്ക് ഇന്ത്യയെ തെല്ലൊന്നുുമല്ല വലച്ചിരിക്കുന്നത്. ഷമി പുറത്തായതിന് പിന്നാലെ ബൗളിങ് നിരയില്‍ ഏറ്റവും പരിചയ സമ്പന്നനായ താരത്തെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.

സൂപ്പര്‍ താരം ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് നിരയെ മുന്നില്‍ നിന്നും നയിക്കുന്ന ഷമിയുടെ പുറത്താവല്‍ ബംഗ്ലാദേശിന് ലോട്ടറിയായിരിക്കുകയാണ്.

‘ഓസ്‌ട്രേലിയയില്‍ നടന്ന ടി-20 ലോകകപ്പിന് ശേഷം പരിശീലനം പുനരാരംഭിച്ച മുഹമ്മദ് ഷമിക്ക് കൈക്ക് പരിക്കേറ്റു,’ എന്നാണ് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടി-20 ലോകകപ്പിന് ശേഷം നടന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പമായിരുന്നു ഷമിക്കും വിശ്രമം നല്‍കിയത്.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം മുന്‍നിര്‍ത്തിയായിരുന്നു ഷമിക്ക് വിശ്രമം അനുവദിച്ചത്. എന്നാല്‍ ഷമിക്ക് പരിക്കേറ്റതോടെ ഇന്ത്യന്‍ സ്‌ക്വാഡില്‍ പരിചയ സമ്പന്നനായ പേസറുടെ അഭാവം നിലനിന്‍ക്കും.

ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം കുല്‍ദീപ് സെന്‍ എന്നിവര്‍ സ്‌ക്വാഡിലുണ്ടെങ്കിലും പരിചയ സമ്പന്നനായ ഷമിയുടെ അഭാവം ഇന്ത്യയെ ബാധിച്ചേക്കും.

അതേസമയം, ഇന്ത്യന്‍ യുവതാരം ഉമ്രാന്‍ മാലിക്കിനെ ഷമിയുടെ പകരക്കാരനായി ഇന്ത്യ നിയമിച്ചിട്ടുണ്ട്.

മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലുള്ളത്.

ഇന്ത്യ ഏകദിന സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍, രാഹുല്‍ ത്രിപാഠി, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍.

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്:

ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), എസ്. ഭരത്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്.

Content Highlight: Indian pacer Mohammed Shami ruled out from India’s Bangladesh tour

We use cookies to give you the best possible experience. Learn more