ഏഷ്യന്‍ ശക്തികള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാ കപ്പിന് കളമൊരുങ്ങുകയാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളിലൊന്നായ ഏഷ്യാ കപ്പ് ടി-20 ലോകകപ്പിന് മുന്നോടിയായിട്ടുള്ള കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയിലാണ് ഇന്ത്യന്‍ ആരാധകര്‍ നോക്കിക്കാണുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ തന്നെ ഉദ്ദേശിച്ചാവും കളത്തിലിറങ്ങുക. ടി-20 ലോകകപ്പ് മുന്നിലുള്ളതുകൊണ്ടുതന്നെ ടി-20 ഫോര്‍മാറ്റിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് സ്‌ട്രെങ്ത് ഏതൊരു സൂപ്പര്‍ ടീമിനേയും മലര്‍ത്തിയടിക്കാന്‍ പോന്നതാണ്. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും ഇന്ത്യന്‍ ടീം ഡബിള്‍ സ്‌ട്രോങ്ങാണ്.
മൂളിപ്പറക്കുന്ന യോര്‍ക്കറുകളെറിയുന്ന ഇടം കൈ – വലം കൈ പേസര്‍മാരും ബാറ്റര്‍മാരെ പരീക്ഷിക്കുന്ന കുത്തിത്തിരിപ്പന്‍ സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ബൗളിങ്ങിന്റെ കരുത്ത്.
എന്നാലിപ്പോള്‍ ബൗളിങ് നിരയിലേക്ക് ഒരാള്‍ കൂടി മടങ്ങിയെത്തുന്നു എന്ന വാര്‍ത്തയാണ് ഇന്ത്യന്‍ ടീമിനെ ആവേശത്തിലാഴ്ത്തുന്നത്. ഏഷ്യാ കപ്പിന് മുമ്പ് തന്നെ ഇന്ത്യന്‍ നിര വീണ്ടും ശക്തമാവുന്നു എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന തരത്തിലാണ് താരത്തിന്റെ മടങ്ങി വരവ്.
പേസര്‍ ദീപക് ചഹറാണ് പരിക്കില്‍ നിന്നും മുക്തനായി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കെത്തിയിരിക്കുന്നത്. പരിക്ക് കാരണം ഐ.പി.എല്ലില്‍ നിന്നടക്കം പുറത്തായ ചഹറിന് അഞ്ച് മാസത്തോളം ഗ്രൗണ്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോള്‍ പരിക്ക് മാറിയെത്തിയ താരം പണ്ടത്തെക്കാള്‍ അക്രമകാരിയായിരിക്കുകയാണ്.
താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി പന്തെറിഞ്ഞു, ഏറെ സന്തോഷം എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് പോസ്റ്റിന് പിന്നാലെ ലൈക്കും കമന്റുമായെത്തുന്നത്.
View this post on Instagram
അതേസമയം, ഏഷ്യാ കപ്പിന്റെ വേദിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ശ്രീലങ്കയിലായിരുന്നു ടൂര്‍ണമെന്റ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആഭ്യന്തര കലഹം കാരണം മത്സരം മാറ്റിയേക്കുമെന്നാണ് സൂചന.
യു.എ.ഇയിലേക്കാണ് വേദി മാറ്റാന്‍ സാധ്യത. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അതേ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ കാരണവുമാണ് ഇത്തരത്തിലുള്ള വേദിമാറ്റം.
വേദി മാറ്റാനുള്ള സാധ്യതയെ കുറിച്ച് ന്യൂസ് ഏജന്‍സിയായ പി.ടി.ഐയുടെ ചോദ്യത്തിനാണ് യു.എ.ഇിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ഡി സില്‍വ അറിയിച്ചത്.
എന്നാല്‍ മത്സരത്തിന്റെ തീയതികളില്‍ വ്യത്യാസമൊന്നുമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ആറ് ടീമുകളാണ് ഏഷ്യാ കപ്പില്‍ പങ്കെടുക്കുക. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകാളാണ് നിലവില്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടുള്ളത്.
ആറാം ടീമാകാന്‍ ഹോങ് കോങ്, സിംഗപ്പൂര്‍, കുവൈറ്റ് യു.എ.ഇ എന്നീ ടീമുകള്‍ തമ്മില്‍ യോഗ്യതാ മത്സരം കളിക്കുകയും ജയിക്കുന്നവര്‍ ഏഷ്യാ കപ്പിനെത്തുകയും ചെയ്യും.
ഓസ്ട്രേലിന്‍ ടീം കഴിഞ്ഞ മാസം ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്നു. നിലവില്‍ പാകിസ്ഥാന്‍ ടീം ശ്രീലങ്കയില്‍ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാരണം കൊണ്ടുതന്നെ ലങ്ക തന്നെ ഏഷ്യാ കപ്പും ഹോസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലങ്കയുടെ അവസ്ഥ കൂടുതല്‍ കടുക്കുകയായിരുന്നു.
Content Highlight: Indian Pacer Deepak Chahar Regains Fitness Ahead Of Asia Cup 2022