ഡബ്ല്യു.ഡബ്ല്യു.ഇ ഇടിക്കൂട്ടില്‍ പുത്തന്‍ ഇന്ത്യന്‍ താരത്തിന്റെ ആറാട്ട്
Sports Entertainment
ഡബ്ല്യു.ഡബ്ല്യു.ഇ ഇടിക്കൂട്ടില്‍ പുത്തന്‍ ഇന്ത്യന്‍ താരത്തിന്റെ ആറാട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th April 2022, 2:45 pm

പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്തെ അതികായരായ ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഏറ്റവും വലിയ ഇവന്റാണ് റെസില്‍മാനിയ. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ ആദ്യ ആഴ്ചയാണ് സാധാരണയായി ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഈ തൃശൂര്‍ പൂരം അരങ്ങേറുന്നത്.

റെസില്‍മാനിയയ്ക്ക് ശേഷം നടക്കുന്ന വീക്ക്‌ലി ഇവന്റായ റോ, അഥവാ റോ ആഫ്റ്റര്‍ റെസില്‍ മാനിയക്കും ഏറെ പ്രത്യേകതകളാണുള്ളത്. റെസില്‍മാനിയയില്‍ പൊട്ടിക്കാന്‍ ബാക്കി വെച്ച ഗുണ്ടും അമിട്ടുമെല്ലാം പൊട്ടുന്നതും പൊട്ടിക്കുന്നതും റെസില്‍മാനിയക്ക് ശേഷമുള്ള റോയിലാണ്.

അത്തരത്തിലുള്ള ഒരൊന്നൊന്നര അമിട്ടാണ് ഇപ്പോള്‍ പൊട്ടിയിരിക്കുന്നത്. ഇന്ത്യന്‍ ഗുസ്തി താരമായ വീര്‍ മഹാന്റെ ഡെബ്യൂ ആയിരുന്നു റോ ആഫ്റ്റര്‍ റെസില്‍മാനിയയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

ദി മിസ്സും ഡൊമനിക് മിസ്റ്റീരിയോയും തമ്മിലുള്ള മത്സരത്തിന് ശേഷം അപ്രതീക്ഷിതമായി റിംഗിലെത്തിയ മഹാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഡൊമനിക്കിനേയും റേ മിസ്റ്റീരിയോയേയും ചവിട്ടിക്കൂട്ടുകയായിരുന്നു.

അവസാനം താരം ഡൊമിനിക്കിനെ മോഡിഫൈഡ് കാമല്‍ ക്ലച്ച് സബ്മിഷനില്‍ കുരുക്കിയിടുകയും ചെയ്തു. ഒടുവില്‍ റഫറിമാരെത്തിയാണ് ഇരുവരേയും മഹാന്റെ കൈകളില്‍ നിന്നും രക്ഷിച്ചത്.

മിസ് നേരത്തെ റിംഗ് വിട്ടുപുറത്തുപോയതിനാല്‍ മാത്രമാണ് താരം മഹാന്റെ കൈകളില്‍ നിന്നും രക്ഷപ്പെട്ടത്.

ഡബ്ല്യു.ഡബ്ല്യു.ഇയിലെ ഒരു തുടക്കക്കാരന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്റ്റോറി ലൈനാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. റേ മിസ്റ്റീരിയോയെ പോലുള്ള ഇതിഹാസതുല്യനായ താരത്തെ അറ്റാക് ചെയ്ത് നേരിട്ട് ലൈംലൈറ്റിലേക്കാണ് മഹാന്‍ പ്രവേശിച്ചിരിക്കുന്നത്.

മികച്ച ക്യാരക്ടറും സ്റ്റോറിയും മാച്ചുകളും തന്നെയായിരിക്കും ഡബ്ല്യു.ഡബ്ല്യു.ഇ ക്രിയേറ്റീവ്‌സ് താരത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നാണ് കരുതുന്നത്.

വീര്‍ മഹാന്‍ എന്ന ക്യാരക്ടറിനെ അനൗണ്‍സ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് താരം ഇടിക്കൂട്ടിലേക്കെത്തുന്നത്. മുമ്പ് റിങ്കു സിംഗ് എന്ന പേരില്‍ ചില മത്സരങ്ങള്‍ താരം കളിച്ചിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.

ഡബ്ല്യു.ഡബ്ല്യു.ഇയുടെ തന്നെ പ്രൊമോഷനായ എന്‍.എക്സ്.റ്റിയിലൂടെയായിരുന്നു റിങ്കു അമേരിക്കന്‍ പ്രൊഫഷണല്‍ റെസ്‌ലിംഗ് ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഇന്ത്യന്‍ താരമായ സൗരവ് ഗുര്‍ജാറിനൊപ്പം ടാഗ് ടീം മത്സരങ്ങളിലായിരുന്നു താരം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ഇന്ത്യയില്‍ നിന്നും മറ്റ് ചില റെസ്ലേഴ്സും ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഭാഗമായിരുന്നു. ദി ഗ്രേറ്റ് കാലി, ജിന്ദര്‍ മഹാല്‍ എന്നിവരായിരുന്നു ഇന്ത്യയില്‍ നിന്നുള്ള റെസ്‌ലിംഗ് താരങ്ങള്‍. ഇതില്‍ കാലിയും ജിന്ദര്‍ മഹാലും ഡബ്ല്യു.ഡബ്ല്യു.ഇയുടെ വേള്‍ഡ് ചാമ്പ്യന്‍മാരും ആയിട്ടുണ്ട്.

Content Highlight: Indian Origin WWE Superstar Veer Mahan makes his debut