ബംഗളുരു: ആര്‍.എസ്.എസ്സിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ വംശജയായ എഴുത്തുകാരിയെ എമിഗ്രേഷന്‍ നിഷേധിച്ച് നാടുകടത്തി. എഴുത്തുകാരിയും യു.കെ. യില്‍ പ്രൊഫസറുമായ നിതാഷ കൗള്‍ എന്ന ഇന്ത്യന്‍ വംശജയെ ബംഗളുരു എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ശേഷം പ്രവേശനം നിഷേധിക്കുകയും മണിക്കൂറുകള്‍ക്കു ശേഷം ഡീപോര്‍ട്ട് ചെയ്തു. ഇക്കാര നിതാഷ തന്റെ എക്‌സില്‍ കുറിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ബംഗളുരുവില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു 48കാരിയായ നിതാഷ. എന്നാല്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കൗളിനെ തടഞ്ഞുവെച്ചു. ആര്‍.എസ്.എസ്സിനെ വിമര്‍ശിച്ചു എന്നാരോപിച്ചാണ് എമിഗ്രേഷന്‍ തടഞ്ഞതെന്ന് കൗള്‍ അവകാശപ്പെട്ടു.
‘ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങളെക്കുറിച്ച് സംസാരിച്ചതിന് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ (കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം) ബഹുമാനപ്പെട്ട പ്രതിനിധി എന്ന നിലയില്‍ എന്നെ ഒരു സമ്മേളനത്തിലേക്ക് ക്ഷണിച്ചു, പക്ഷേ കേന്ദ്രം എനിക്ക് പ്രവേശനം നിഷേധിച്ചു. എന്റെ എല്ലാ രേഖകളും സാധുതയുള്ളതാണ്’ കശ്മീരി പണ്ഡിറ്റും യു.കെ. യിലെ വെസ്റ്റ് മിന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ നിതാഷ എക്‌സില്‍ കുറിച്ചു.
‘ദല്‍ഹിയില്‍ നിന്ന് ഓര്‍ഡറുകളുണ്ട്’ എന്നല്ലാതെ എന്റെ ഇമിഗ്രേഷന്‍ തടയുന്നതിന് ഉദ്യോഗസ്ഥര്‍ മറ്റൊരു കാരണവും പറഞ്ഞില്ല. കര്‍ണാടക സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണക്കത്ത് എന്റെ പക്കല്‍ ഉണ്ടായിരുന്നു. കര്‍ണാടക സര്‍ക്കാരാണ് എന്റെ യാത്രയും ലോജിസ്റ്റിക്‌സും ഏര്‍പ്പാടാക്കിയത്. ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് പറഞ്ഞുകൊണ്ട് ദല്‍ഹിയില്‍ നിന്ന് യാതൊരു അറിയിപ്പും എനിക്ക് ലഭിച്ചില്ല’ കൗള്‍ ട്വീറ്റ് ചെയ്തു.
‘വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഇന്ത്യയിലെ തീവ്ര വലതുപക്ഷ ഹിന്ദു സംഘടനയായ ആര്‍.എസ്.എസ്സിനെക്കുറിച്ച് നടത്തിയ വിമര്‍ശനം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരാമര്‍ശിച്ചു. അതിന് ശേഷം ഒരുപാട് തവണ ഞാന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഒരു സംസ്ഥാനം എന്നെ ക്ഷണിക്കുകയും കേന്ദ്രം എനിക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നത് ആദ്യമാണ്.
ലണ്ടനില്‍ നിന്ന് ബംഗളുരുവിലേക്ക് 12 മണിക്കൂര്‍ ഞാന്‍ വിമാനത്തില്‍ ചെലവഴിച്ചു. അതിന് ശേഷം ഇവിടെ മണിക്കൂറുകളോളം എമിഗ്രേഷന്‍ പ്രോസസിന്റെ പേരില്‍ എന്നെ തടഞ്ഞുവെച്ചു. പ്രോസസിനെക്കുറിച്ച് ഒരു വിവരവും ആരും നല്‍കിയില്ല. തിരിച്ച് ഫ്‌ളൈറ്റില്ലാത്തിനാല്‍ 24 മണിക്കൂര്‍ എനിക്ക് ഹോള്‍ഡിങ് സെല്ലില്‍ കഴിയേണ്ടി വന്നു,’ നിതാഷ പറഞ്ഞു.
അതേസമയം കര്‍ണാടക ബി.ജെ.പി., കൗളിന്റെ ട്വീറ്റുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തി. ഇത്തരം ആളുകളെ ക്ഷണിക്കുന്നതിലൂടെ കര്‍ണാടക സര്‍ക്കാര്‍ ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാന്‍ കളമൊരുക്കുകയാണെന്ന് വിമര്‍ശിച്ചു.
‘ദേശീയ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കാന്‍ സാധ്യതയുള്ള വിഭജന അജണ്ടകള്‍ക്ക് കളമൊരുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ കര്‍ണാടകയെ അതിന്റെ പരീക്ഷണശാലയായി ഉപയോഗിക്കുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാണ്,’ ബി.ജെ.പി ട്വീറ്റ് ചെയ്തു. ഇങ്ങനെയൊരു ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ചയാളെ വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞതിന് ‘സുരക്ഷാ ഏജന്‍സികള്‍ക്ക്’ പാര്‍ട്ടി നന്ദി പറഞ്ഞു
Content Highlight :Indian Origin writer deported from Bengaluru airport for criticizing RSS