എച്ച്-1 ബി വിസയിൽ ഇന്ത്യക്കാർക്ക് തിരിച്ചടിയാകുന്ന പ്രഖ്യാപനം നടത്തിയ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി ആര്?
World News
എച്ച്-1 ബി വിസയിൽ ഇന്ത്യക്കാർക്ക് തിരിച്ചടിയാകുന്ന പ്രഖ്യാപനം നടത്തിയ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി ആര്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th September 2023, 5:00 pm

യു.എസ് പ്രസിഡന്റായാൽ എച്ച്-1 ബി വിസ നിർത്തുമെന്ന പ്രസ്താവനയിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് റിപ്പബ്ലിക് പാർട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സര രംഗത്തുള്ള വിവേക് രാമസ്വാമി. വിദഗ്ധ തൊഴിലുകളിൽ വിദേശികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന നോൺ ഇമിഗ്രന്റ് വിസയായ എച്ച്-1 ബി നിർത്തലാക്കുന്നത് ഇന്ത്യക്കാർക്ക് തിരിച്ചടിയാകും. മലയാളി വേരുകളുള്ള ഇദ്ദേഹം മുമ്പും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

വിവേക് ജനിക്കുന്നതിന് മുമ്പ് തന്നെ മലയാളികളായ അദ്ദേഹത്തിന്റെ മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയിരുന്നു. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയ വി. ഗണപതി രാമസ്വാമിയും മൈസൂർ മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ ഗീത രാമസ്വാമിയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലെ അഗ്രഹാരകുടുംബത്തിൽ നിന്നാണ് ഇരുവരും യു.എസിലെ ഒഹായോയിലേക്ക് കുടിയേറിയത്.

2014ൽ സ്ഥാപിച്ച റോവിയന്റ് സയൻസസ് എന്ന ബയോടെക് കമ്പനിയിലൂടെയാണ് രാമസ്വാമി ശതകോടീശ്വരനായി മാറുന്നത്.
മലയാളവും തമിഴും അനായാസം വഴങ്ങുന്ന ഇദ്ദേഹം റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനേഷനിൽ ഡൊണാൾഡ് ട്രംപിനും ഫ്‌ലോറിഡ ഗവർണ്ണർ റോൺ ഡിസാന്റിസിനും വളരെ പിന്നിലായി മൂന്നാം സ്ഥാനത്താണ് ഉള്ളത്.

ഡൊണാൾഡ് ട്രംപ് നൂറ്റാണ്ടിന്റെ മികച്ച പ്രസിഡന്റ് ആണ് എന്ന പ്രശംസയിലൂടെ ഡൊണാൾഡ് ട്രംപിന്റെ ഇഷ്ടവും പിടിച്ചുപറ്റിയിരുന്നു. റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സംവാദത്തിലായിരുന്നു രാമസ്വാമിയുടെ പരാമർശം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യനായ വ്യക്തിയാണ് വിവേക് രാമസ്വാമി എന്ന് ട്രംപും അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നു.

2015ലെ ട്രംപിനെപ്പോലെയാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
താൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിത്വത്തെ ഗൗരവപരമായാണ് കാണുന്നതെന്നും, ശ്രദ്ധ നേടാൻ വേണ്ടി ചെയ്യുന്നതല്ലെന്നും വിവേക് രാമസ്വാമി മുമ്പ് പറഞ്ഞിരുന്നു. 2016ലെ ഫോർബ്‌സ് മാഗസിൻ പട്ടികയിൽ 40 വയസിൽ താഴെയുള്ള സമ്പന്നരിൽ 24ാം സ്ഥാനത്ത് ഉണ്ടായിരുന്ന രാമസ്വാമി, ബയോടെക് മേഖലയ്‌ക്കൊപ്പം മരുന്നുകളുടെ കണ്ടുപിടിത്തം, ഉൽപ്പാദനം എന്നിവയിലും പ്രവർത്തിക്കുന്നുണ്ട്. ഇദ്ദേഹം കണ്ട് പിടിച്ച അഞ്ച് മരുന്നുകൾക്ക് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം ലഭിച്ചിട്ടുണ്ട്.

2021ൽ എഴുതിയ വോക്, ഇങ്ക് എന്ന പുസ്തകത്തിലൂടെയാണ് വലതുപക്ഷ രാഷ്ട്രീയ ഭൂപടത്തിലേക്ക് രാമസ്വാമിയുടെ പേരുകൂടി ചേർത്തുവെക്കപ്പെട്ടത്. എൻവയോൺമെന്റൽ, സോഷ്യൽ ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് (ഇ.എസ്.ജി) എന്നറിയപ്പെടുന്ന സുസ്ഥിരവും തുല്യത ഉറപ്പുവരുത്തുന്നതുമായ ബിസിനസ് നയങ്ങൾക്ക് വേണ്ടിയുള്ള നീക്കത്തിനെതിരെ അദ്ദേഹം തന്റെ പുസ്തകത്തിൽ ആഞ്ഞടിച്ചിരുന്നു.

പിന്നീട് ഇദ്ദേഹം ഫോക്സ് ന്യൂസ് ഉൾപ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. സ്വത്വ രാഷ്ട്രീയത്തിൽ ലിബറലുകളുടെ താല്പര്യത്തെക്കുറിച്ച് താക്കീത് ചെയ്തു. 9/11 ആക്രമണത്തിൽ യു.എസ് സർക്കാർ പൂർണമായും സത്യമല്ല പറഞ്ഞത് എന്ന പരാമർശത്തിലൂടെയും മുമ്പ് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Content Highlight: Who is the Indian origin, Vivek Ramaswamy, who made a statement on H-1 visa which is a setback for Indians?