Advertisement
World News
ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായി അധികാരമേറ്റ് ഇന്ത്യന്‍ വേരുകളുള്ള സുവെല്ല ബ്രാവര്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 07, 08:03 am
Wednesday, 7th September 2022, 1:33 pm

ലണ്ടന്‍: ലിസ് ട്രസ് സര്‍ക്കാരില്‍ ബ്രിട്ടന്റെ പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി ഇന്ത്യന്‍ വേരുകളുള്ള സുവെല്ല ബ്രാവര്‍മാന്‍ (Suella Braverman) അധികാരമേറ്റു.

ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടീഷ് പൊളിറ്റീഷ്യനായ സുവെല്ല ബ്രാവര്‍മാന്റെ മാതാപിതാക്കളായ ഉമ ഫെര്‍ണാണ്ടസും ക്രിസ്റ്റി ഫെര്‍ണാണ്ടസും ഇന്ത്യന്‍ വംശജരാണ്. 1960കളില്‍ ഇവര്‍ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു.

സുവെല്ലയുടെ പിതാവ് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ കുടുംബം ഗോവന്‍ പാരമ്പര്യമുള്ളതാണ്. ഒരു ഹിന്ദു – തമിഴ് മൗറീഷ്യന്‍ കുടുംബത്തിലാണ് സുവെല്ലയുടെ മാതാവ് ഉമ ജനിച്ചത്.

2020 മുതല്‍ ലണ്ടന്റെയും വെയ്ല്‍സിന്റെയും അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ബ്രാവര്‍മാന്‍. 2015 മുതല്‍ പാര്‍ലമെന്റംഗമാണ്.

2018ല്‍ തെരേസ മേയ് സര്‍ക്കാരിന് കീഴില്‍ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിട്ടുണ്ട്.

ലിസ് ട്രസിന്റെ മന്ത്രിസഭയിലെ പ്രധാന ചുമതലകളില്‍ വെളുത്ത വംശജര്‍ ഉണ്ടായിരിക്കില്ല എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായാണ് കാബിനറ്റിലെ പ്രധാനപ്പെട്ട പദവികളിലെല്ലാം വെളുത്ത വംശജരല്ലാത്തവരെ നിയമിക്കുന്നത്.

വിദേശകാര്യ സെക്രട്ടറിയായി ജെയിംസ് ക്ലെവേര്‍ലി (James Cleverly), ചാന്‍സലറായി ക്വാസി ക്വാര്‍ട്ടേങ് (Kwasi Kwarteng) എന്നിവരും അധികാരമേറ്റു.

ക്വാസി ക്വാര്‍ട്ടേങ് ഘാനയില്‍ നിന്നും കുടിയേറിയ കുടുംബത്തില്‍ നിന്നുള്ളയാളാണ്, ജെയിംസ് ക്ലെവേര്‍ലിയുടെ അമ്മ ആഫ്രിക്കന്‍ സ്വദേശിയുമാണ്.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ അവസാനഘട്ടം വരെയെത്തി പരാജയപ്പെട്ട ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന് ലിസ് ട്രസ് മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത്. എലിസബത്ത് രാജ്ഞിയെ കണ്ട ശേഷമായിരുന്നു ഔദ്യോഗികമായി ചുമതലയേറ്റത്.

മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത് വനിത കൂടിയാണ് ലിസ് ട്രസ്.

ബ്രിട്ടന്‍ ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും വിലക്കയറ്റത്തിലൂടെയുമാണ് കടന്നുപോകുന്നത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലടക്കം നിരവധി മേഖലകളില്‍ വ്യാപകമായി തൊഴിലാളി സമരങ്ങളും നടക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സാമ്പത്തിക ഭദ്രതയോടെ ബ്രിട്ടനെ മുന്നോട്ട് നയിക്കുക എന്നത് പുതിയ ലിസ് ട്രസ് സര്‍ക്കാരിന് ഒരു വെല്ലുവിളി തന്നെയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlight: Indian origin Suella Braverman appointed as home secretary in new UK cabinet of Liz Truss