മസ്‌കിന്റെ നിലവിലെ നിലപാട് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ആശയങ്ങള്‍ക്കെതിരാണെന്നാണ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍(മാഗ) അനുകൂലികള്‍ പറയുന്നത്. തീവ്ര വലതുപക്ഷ പ്രവര്‍ത്തക ലോറ ലൂമര്‍, മുന്‍ കോണ്‍ഗ്രസ് അംഗവും അറ്റോര്‍ണി ജനറലായി ട്രംപ് നിര്‍ദേശിച്ച മാറ്റ് ഗെയ്‌സ് എന്നിവരെല്ലാം തന്നെ മസ്‌കിനെതിരാണ്.
കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ട്രംപ് ഭരണകൂടം ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണനെ രാജ്യത്തെ നിര്‍മിത ബുദ്ധിയുടെ തലപ്പത്ത് നിയമിച്ചതോടെയാണ് മാഗ ക്യാമ്പ് രണ്ട് ചേരിയില്‍ ആയത്. മസ്‌കിന്റെ പ്രിയങ്കരനാണ് ശ്രീറാം കൃഷ്ണന്‍. ഇതിന് പുറമെ തൊഴില്‍ നൈപുണ്യമുള്ള കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന ഗ്രീന്‍ കാര്‍ഡിലെ കണ്‍ട്രി ക്യാപ്സ് നീക്കം ചെയ്യണമെന്ന ശ്രീറാം കൃഷ്ണന്റെ വാദവും മാഗ വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
എച്ച്-വണ്‍ബി വിസയില്‍ അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് മസ്‌ക്. ലോകമെമ്പാടുമുള്ള പ്രതിഭകളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കണം എന്ന് പലപ്പോഴും വാദിച്ചിരുന്ന ആളാണ് മസ്‌ക്. ‘നിങ്ങളുടെ ടീം ചാമ്പ്യന്‍ഷിപ്പ് നേടണമെങ്കില്‍, അവര്‍ എവിടെ നിന്നുള്ളവരാണെങ്കിലും മികച്ച പ്രതിഭകളെ നിങ്ങള്‍ റിക്രൂട്ട് ചെയ്യേണ്ടതുണ്ട്,’ മസ്‌ക് എക്സില്‍ പോസ്റ്റ് ചെയ്തു.
അദ്ദേഹത്തിന്റെ ആദ്യ ടേമില്‍ എച്ച് വണ്‍ ബി വിസകളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും, അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകള്‍ അത്രയ്ക്ക് തീവ്രമല്ല. അടുത്തിടെ ഒരു പോഡ്കാസ്റ്റിനിടെ യു.എസ് സര്‍വകലാശാലകളിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ട്രംപ് പിന്തുണ അറിയിച്ചിരുന്നു.
Content Highlight: Indian origin selected as AI advisor; Trump’s Front Divided Over Immigration Policy