ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജന്റെ മുന്നേറ്റം; റിഷി സുനക് രണ്ടാംഘട്ട വോട്ടെടുപ്പിലും ഒന്നാമത്
World News
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജന്റെ മുന്നേറ്റം; റിഷി സുനക് രണ്ടാംഘട്ട വോട്ടെടുപ്പിലും ഒന്നാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th July 2022, 8:28 am

ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ രാജി വെച്ചതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന് മുന്നേറ്റം. ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള റിഷി സുനക്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ നടത്തിയ രണ്ടാംഘട്ട വോട്ടെടുപ്പിലും ഒന്നാം സ്ഥാനത്തെത്തി.

101 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. സര്‍ക്കാരിന്റെ വാണിജ്യ സെക്രട്ടറിയായ പെന്നി മോര്‍ഡൗന്റ് 83 വോട്ടുമായി രണ്ടാമതും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 64 വോട്ടുമായി മൂന്നാമതുമെത്തി.

മുന്‍മന്ത്രി കെമി ബഡ്‌നോച് (49 വോട്ട്), പാര്‍ലമെന്റംഗം ടോം ടുഗേന്‍ഡാറ്റ് (32 വോട്ട്) എന്നിവരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രണ്ടാംഘട്ട വോട്ടെടുപ്പ് കടന്ന മറ്റുള്ളവര്‍.

അതേസമയം മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ വംശജന്‍ സ്യുയേല ബ്രാവര്‍മാന്‍ 27 വോട്ട് മാത്രം നേടി രണ്ടാം റൗണ്ടില്‍ പുറത്തായി.

ഈ അഞ്ച് പേരായിരിക്കും അടുത്തയാഴ്ച നടക്കുന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ പരസ്പരം മത്സരിക്കുക. അടുത്ത തെരഞ്ഞെടുപ്പോടെ മത്സരാര്‍ത്ഥികള്‍ രണ്ടായി ചുരുങ്ങും.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് റിഷി സുനക്. ഒന്നാംഘട്ട വോട്ടെടുപ്പിലും 88 വോട്ട് നേടി ഒന്നാമതായിരുന്നു സുനക്.

ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചുവെങ്കിലും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭൂരിപക്ഷത്തിന് കോട്ടമൊന്നും തട്ടാത്തതിനാല്‍ അടുത്ത പ്രധാനമന്ത്രിയും പാര്‍ട്ടിയില്‍ നിന്നുള്ള അംഗം തന്നെയായിരിക്കും എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് 2020 നവംബറില്‍ നടത്തിയ പാര്‍ട്ടി വിവാദമായതോടെയാണ് ബോറിസ് ജോണ്‍സണ് രാജി വെക്കേണ്ടി വന്നത്.

ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിട്ട ഒരു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിയെ ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനത്തേക്ക് ബോറിസ് ജോണ്‍സണ്‍ സ്ഥാനക്കയറ്റം നല്‍കിയതും വിവാദമായിരുന്നു.

പിന്നാലെ ജൂലൈ അഞ്ചിന് യു.കെ സര്‍ക്കാരിന്റെ ഹെല്‍ത്ത് സെക്രട്ടറി സജിദ് ജാവിദ്, ചാന്‍സലര്‍ ഓഫ് എക്സ്ചെക്കറും മുന്‍ ധനമന്ത്രിയുമായ റിഷി സുനക് എന്നിവര്‍ രാജി വെക്കുകയായിരുന്നു. പിന്നാലെ ജൂലൈ ഏഴിന് ബോറിസ് ജോണ്‍സണും പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചു.

നിലവില്‍ കാവല്‍ പ്രധാനമന്ത്രി സ്ഥാനമാണ് ജോണ്‍സണുള്ളത്. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഏതാണ്ട് ഒക്ടോബര്‍ വരെ നീണ്ടേക്കും.

Content Highlight: Indian origin Rishi Sunak Tops Second Round Of Voting To Succeed Boris Johnson As British PM