ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുന്ന 'ഇന്ത്യക്കാര്‍'; അമ്പരന്ന് ആരാധകര്‍
icc world cup
ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുന്ന 'ഇന്ത്യക്കാര്‍'; അമ്പരന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th September 2023, 9:17 am

ഐ.സി.സി ലോകകപ്പിന് ഇനി വെറും ഏഴ് നാളത്തെ കാത്തിരിപ്പാണ് ശേഷിക്കുന്നത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ലോകകപ്പ് വീണ്ടും ഇന്ത്യയിലെത്തിയിരിക്കുകയാണ്. 2011ന് ശേഷമാണ് ഇന്ത്യ 50 ഓവര്‍ ലോകകപ്പിന് വേദിയാകുന്നത്. ഒറ്റക്ക് ആതിഥേയത്വം വഹിക്കുന്നതാകട്ടെ ഇതാദ്യവും.

ലോകകപ്പ് ഇന്ത്യയിലെത്തുമ്പോള്‍ മറ്റ് ടീമുകളുടെ സ്‌ക്വാഡ് ഡെപ്ത് പരിശോധിച്ച് ആരാധകര്‍ ഇപ്പോഴേ സാധ്യതകള്‍ വിലയിരുത്തി തുടങ്ങിയിരിക്കുകയാണ്. ഓരോ ടീമിന്റെയും സ്‌ക്വാഡുകള്‍ പരിശോധിക്കുമ്പോള്‍ പല ടീമുകളിലും ഇന്ത്യന്‍ ചുവയുള്ള ചില പേരുകളും കാണാം.

ഇന്ത്യന്‍ വംശജരോ ഇന്ത്യയില്‍ ജനിച്ചതിന് ശേഷം പ്രസ്തുത നാടുകളിലേക്ക് ചേക്കേറിയവരോ ആണ് ഇവര്‍. ന്യൂസിലാന്‍ഡിലും സൗത്ത് ആഫ്രിക്കയിലുമടക്കം ഇത്തരത്തിലുള്ള ഇന്ത്യന്‍ പേരുകാരെ കാണാം.

അത്തരത്തില്‍ ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുന്ന ചില ‘ഇന്ത്യന്‍’ താരങ്ങളെ പരിചയപ്പെടാം.

1. ഇഷ് സോധി – ന്യൂസിലാന്‍ഡ്

ഇന്ത്യന്‍ ആരാധകര്‍ക്ക് സുപരിചിതമായ താരമാണ് ബ്ലാക് ക്യാപ്‌സിന്റെ സൂപ്പര്‍ ഓള്‍ റൗണ്ടറായ ഇഷ് സോധി. 2016, 2019 ടി-20 ലോകകപ്പുകളില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച സോധി ന്യൂസിലാന്‍ഡിന്റെ പല വിജയങ്ങളിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

2019 ടി-20 വേള്‍ഡ് കപ്പില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ എട്ട് വിക്കറ്റും 33 പന്തും കയ്യിലിരിക്കെ പരാജയപ്പെടുത്തിയപ്പോള്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതും കളിയിലെ താരമായതും സോധിയായിരുന്നു.

2016ലാകട്ടെ നാല് ഓവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റാണ് സോധി വീഴ്ത്തിയത്. ഇന്ത്യ 79 റണ്‍സിന് ഓള്‍ ഔട്ടായ മത്സരത്തില്‍ വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരെയാണ് സോധി മടക്കിയത്.

 

ഈ ലോകകപ്പിന് മുമ്പ് നടന്ന ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആറ് ബംഗ്ലാ വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് സോധി കരുത്ത് കാട്ടിയത്.

പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച സോധി, ജന്മനാട്ടില്‍ നിന്നും 200 കിലോമീറ്റര്‍ മാത്രം അകലെയുള്ള ധര്‍മശാലയിലാണ് ലോകകപ്പില്‍ ഇന്ത്യയെ നേരിടുന്നത് എന്നതാണ് ഇതിലെ രസകരമായ മറ്റൊരു വസ്തുത.

2. കേശവ് മഹാരാജ് – സൗത്ത് ആഫ്രിക്ക

പേരുകൊണ്ട് ഇന്ത്യക്കാരനാണെങ്കിലും സൗത്ത് ആഫ്രിക്കന്‍ ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനിലാണ്. കേശവ് മഹാരാജിന്റെ കുടുംബം അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പ് തന്നെ ആഫ്രിക്കന്‍ മണ്ണിലേക്ക് കുടിയേറിപ്പാര്‍ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് കേശവ് മഹാരാജിന്റെ വേരുകളെത്തി നില്‍ക്കുന്നത്.

സൗത്ത് ആഫ്രിക്കയുടെ ബൗളിങ് നിരയില്‍ പ്രധാന പങ്കുവഹിക്കുന്ന താരം ഏകദിനത്തില്‍ ഇതുവരെ 31 മത്സരത്തിലാണ് പ്രോട്ടീസ് നിരയെ പ്രതിനിധീകരിച്ചത്. ഈ മത്സരങ്ങളില്‍ നിന്നുമായി 37 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

 

 

ഈ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പല ക്രിക്കറ്റ് അനലിസ്റ്റുകളും ഫേവറിറ്റുകളായി കണക്കാക്കുന്നുണ്ട്. ചരിത്രത്തിലെ ആദ്യ കിരീടത്തിനായി അരയും തലയും മുറുക്കിയിറങ്ങുന്ന സൗത്ത് ആഫ്രിക്കന്‍ നിരയിലെ പ്രധാനികളില്‍ ഒരാള്‍ കൂടിയാണ് കേശവ് മഹാരാജ്.

3. വിക്രംജീത് സിങ് – നെതര്‍ലന്‍ഡ്സ്

2011ന് ശേഷം ഇതാദ്യമായാണ് ഡച്ച് പട ലോകകപ്പിന് യോഗ്യത നേടുന്നത്. അന്ന് നെതര്‍ലന്‍ഡ്സ് ലോകകപ്പ് കളിക്കാനിറങ്ങിയപ്പോഴുള്ള എട്ട് വയസുകാരന്‍ പയ്യന്‍ ഇന്ന് ടീമിന്റെ ഓപ്പണിങ് ബാറ്ററാണ്.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് വിക്രംജീത് സിങ് എന്ന ‘പഞ്ചാബുകാരന്‍’ ഇന്ത്യന്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായത്. പഞ്ചാബിലെ ചീമ കുര്‍ദില്‍ ജനിച്ച വിക്രംജീത് സിങ് നെതര്‍ലന്‍ഡ്സിനായി കളിച്ച 24 ഏകദിനത്തില്‍ നിന്നുമായി 795 റണ്‍സ് നേടിയിട്ടുണ്ട്.

 

4. തേജ നിദാമനുരു – നെതര്‍ലന്‍ഡ്സ്

ഇന്ത്യയില്‍ ജനിച്ച മറ്റൊരു ഡച്ച് സൂപ്പര്‍ താരമാണ് തേജ നിദാമനുരു. ആന്ധ്രയിലെ വിജയവാഡയില്‍ ജനിച്ച ഈ 28കാരന്‍ നെതര്‍ലന്‍ഡ്സ് ടീമിലെ നിര്‍ണായക ഘടകമാണ്. ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും കരുത്ത് കാട്ടിയ തേജ ലോകകപ്പിലും തിളങ്ങാനൊരുങ്ങുകയാണ്.

നേരത്ത അവസാനിച്ച ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ സെഞ്ച്വറി നേടിക്കൊണ്ടായിരുന്നു തേജ നിദാമനുരു തലക്കെട്ടുകളില്‍ ഇടം നേടിയത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 111 റണ്‍സാണ് താരം നേടിയത്.

 

Content Highlight: Indian Origin Players Playing World Cup