ലണ്ടന്‍: ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഇന്ത്യന്‍ വംശജനെ ജീവപര്യന്തം തടവിന് വിധിച്ചു. ജിഗുകുമാര്‍ സോര്‍തി എന്ന 23കാരനെയാണ് യു.കെ കോടതി പരോളില്ലാതെ 28 വര്‍ഷത്തെ തടവിന് വിധിച്ചത്.
മാര്‍ച്ചിലായിരുന്നു കൊലപാതകം നടന്നത്. ജിഗുകുമാറുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു ഭാര്യ ഭവാനി പ്രവിണിനെ ലെയ്സ്റ്ററുടെ വീട്ടിലെത്തി ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 21 വയസ്സായിരുന്നു ഭവാനിക്ക്.
ഭയാനകവും അതിക്രൂരവുമായ കൊലപാതകമാണ് ഇതെന്നാണ് കേസില്‍ വാദം കേട്ട ലെയ്സ്റ്റര്‍ ക്രൗണ്‍ കോടതി ജസ്റ്റിസ് തിമോത്തി സ്‌പെന്‍സര്‍ പറഞ്ഞത്.’ഇത് തികച്ചും ഭയാനകവും അതിക്രൂരവും ദയാരഹിതവുമായ കൊലപാതകമാണ്. പ്രതിഭാധനയായ ഒരു യുവതിയുടെ ജീവനാണ് നീയെടുത്തത്. വെറും 21 വയസ്സേ ആയിരുന്നുള്ളു അവര്‍ക്ക്.’ ജസ്റ്റിസ് തിമോത്തി സ്‌പെന്‍സര്‍ പറഞ്ഞു.
മാര്‍ച്ച് രണ്ടിന് ഭവാനിയെ വീട്ടിലെത്തി കൊലപ്പെടുത്തിയ ജിഗുകുമാര്‍ രണ്ട് മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഭവാനിയെ കത്തി ഉപയോഗിച്ച് കുത്തിയെന്ന് വെളിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
2017ല്‍ ഇന്ത്യയില്‍ വെച്ച് ഭവാനിയും ജിഗുകുമാറും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് 2018 ഓഗസ്റ്റില്‍ ജിഗുകുമാര്‍ ദമ്പതി വിസയില്‍ ബ്രിട്ടണിലെത്തി. അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.
ഹിന്ദു ആചാരപ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ഇരുവരെന്നും എന്നാല്‍ കൊലപാതകം നടന്നതിന് തലേദിവസം ഭവാനിയുടെ കുടുംബക്കാര്‍ ഈ ചടങ്ങ് നടത്തേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. ഇതാണ് ജിഗുകുമാറിനെ ഭവാനിയെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കല്യാണച്ചടങ്ങുകള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഉപേക്ഷിക്കുന്നതായാണ് തോന്നിയതെന്ന് പ്രതി കോടതിയില്‍ പറയുകയും ചെയ്തിരുന്നു.
മനപ്പൂര്‍വ്വമല്ല കൊലപാതകം നടത്തിയതെന്നും സംഭവിച്ചുപോയതാണെന്നുമായിരുന്നു ജിഗുകുമാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കത്തിയുമായിട്ടാണ് ഇയാള്‍ ഭവാനിയുടെ വീട്ടിലെത്തിയതെന്നും അതിനാല്‍ ഇയാളുടെ വാദം കള്ളമാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. മനപ്പൂര്‍വമുള്ള കൊലപാതകമാണെന്ന് കോടതിയില്‍ തെളിഞ്ഞതിന് പിന്നാലെയാണ് ജിഗുകുമാറിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് വിധിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക