ടൊറന്റോ: ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിക്ക് അമേരിക്ക വിസ നിഷേധിച്ചു. മന്‍പ്രീത് കൂനര്‍ എന്ന 39കാരിയെയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് അമേരിക്ക വിലക്കിയത്. അതിര്‍ത്തി കടക്കണമെങ്കില്‍ മന്‍പ്രീതിന് കുടിയേറ്റ വിസ ആവശ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാതിക്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ വാര്‍ത്ത.
കാനഡയിലെ മാന്‍ട്രിയല്‍ നഗരത്തില്‍ താമസിക്കുന്ന മന്‍പ്രീത് കൂനറിന് ഞായറാഴ്ചയാണ് വിസ നിഷേധിക്കപ്പെട്ടത്. ആറ് മണിക്കൂര്‍ നേരം കാത്ത് നിന്ന മന്‍പ്രീതിന്റെ ചിത്രവും വിരലടയാളവും ശേഖരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷമാണ് വിസ നിഷേധിച്ചതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് (കാനഡ) റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വെര്‍മോണ്ടിലെ സ്പായിലേക്ക് പോകുന്നതിനിടെയാണ് മന്‍പ്രീതിനെ തടഞ്ഞത്. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ട്രംപിന്റെ നയങ്ങള്‍ നിങ്ങളെ തടയുന്നു എന്നാണ് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞത് എന്ന് മന്‍പ്രീത് ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ മതിയായ രേഖകള്‍ ഇല്ലാതെ പ്രവേശനം നല്‍കാന്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നാണ് യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ഒരു പ്രത്യേക സംഭവം മാത്രം ഉയര്‍ത്തിക്കാണിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ആറ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാനുള്ള പുതുക്കിയ എക്‌സിക്യുട്ടീവ് ഉത്തരവില്‍ അടുത്തിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് ഒപ്പു വെച്ചത്. കോടതി തടഞ്ഞ പഴയ ഉത്തരവില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിക്കൊണ്ടാണ് ട്രംപ് പുതിയ ഉത്തരവില്‍ ഒപ്പുവെച്ചത്.