| Sunday, 4th June 2023, 5:45 pm

യു.കെയില്‍ ഇടനിലക്കാരനായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഇന്ത്യന്‍ വംശജന്‍; 3 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വഞ്ചനാക്കുറ്റത്തിന് ഇന്ത്യന്‍ വംശജനായ ജസ്പല്‍ സിങ് ജട്ട്‌ലയ്ക്ക് 3 വര്‍ഷം തടവ് ശിക്ഷ നല്‍കി ലണ്ടനിലെ ഇസ്‌ലേവേര്‍ത്ത് ക്രൗണ്‍ കോടതി. ഇന്ത്യന്‍ വംശജരടങ്ങുന്ന നിരവധി പേരില്‍ നിന്ന് 16000 പൗണ്ട് (16,41,542 രൂപ) ആണ് ജട്ട്‌ല തട്ടിയെടുത്തതെന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് വഞ്ചനാക്കുറ്റമാണ് ജട്ട്‌ലക്കെതിരെ ചുമത്തിയിരിക്കുന്നത്. 2019 മെയ് മുതല്‍ 2021 ജനുവരി വരെയുള്ള സമയത്താണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. നേരത്തെ ആഗസ്റ്റില്‍ ഉക്‌സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ ജട്ട്‌ല എല്ലാ കുറ്റവും ഏറ്റ് പറഞ്ഞതായി മെട്രോപ്പൊളിറ്റന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

വസ്തു വാങ്ങിക്കാനുളള നാല് പേരുടെ കൈയില്‍ നിന്നും മോര്‍ട്ടേജ് അഡൈ്വസറായി ആള്‍മാറാട്ടം നടത്തി ജട്ട്‌ല 15, 790പൗണ്ട് (16,19,997 രൂപ) കൈപ്പറ്റിയെന്നതാണ് കേസ്.

‘ജസ്പാല്‍ സിങ് ജട്ട്‌ല സ്ഥിരമായി തട്ടിപ്പ് നടത്തുന്നയാളാണ്. അദ്ദേഹം സ്വന്തം വിഭാഗത്തില്‍പ്പെട്ടവരെ തന്നെ ചൂഷണം ചെയ്യുന്നു. അവര്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ജട്ട്‌ല അദ്ദേഹത്തിന്റെ ജീവിതശൈലിക്ക് വേണ്ടി ഉപയോഗിക്കുന്നു,’ മെറ്റാ പൊലീസിന്റെ സെന്ററല്‍ ഇന്‍വിസ്റ്റിഗേറ്റീവ് ക്രൈം യൂണിറ്റിന്റെ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേറ്ററായ അനിത ശര്‍മ പറഞ്ഞു.

ജട്ട്‌ലക്കെതിരെ രംഗത്ത് വന്നവരെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും ഇനിയും പരാതി നല്‍കാത്തവര്‍ മുന്നിട്ടിറങ്ങണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ജട്ട്‌ലക്കെതിരെ രംഗത്ത് വന്നവരെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ജട്ട്‌ലയുടെ തട്ടിപ്പിനിരയായ പലരും പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല. ജട്ട്‌ലയുടെ തട്ടിപ്പില്‍ ഇരയായെന്ന് തോന്നുന്നവര്‍ മുന്നിട്ട് വന്ന് പരാതി നല്‍കേണ്ടതാണ്,’ അനിത ശര്‍മ പറഞ്ഞു.

വസ്തുക്കള്‍ വാങ്ങാന്‍ ഇരകളെ സഹായിക്കുകയാണെന്ന പേരില്‍ മോര്‍ട്ടേജ് അഡൈ്വസറായി വേഷം കെട്ടുകയായിരുന്നു ജട്ട്‌ല. ലണ്ടനിലെ ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ വംശജരെയാണ് അദ്ദേഹം പ്രധാനമായും കബളിപ്പിച്ചത്.

ഇരകളുടെ ആപ്ലിക്കേഷനുകള്‍ പൂരിപ്പിക്കുക, അവര്‍ക്ക് സര്‍വേ നടത്തുക, അഭിഭാഷകരെ പരിചയപ്പെടുത്തുക തുടങ്ങിയ സഹായങ്ങളാണ് ജട്ട്‌ല വാഗ്ദാനം ചെയ്തത്. ഒരു വട്ടം ജട്ട്‌ലയക്ക് ആരെങ്കിലും പണം നല്‍കിയാല്‍ പിന്നീട് പല കാര്യങ്ങള്‍ പറഞ്ഞ് പണം പിരിക്കുന്നത് പതിവാക്കും. എന്നാല്‍ പണം വാങ്ങിക്കുന്നതല്ലാതെ വസ്തു വാങ്ങുന്നത് പരാജയപ്പെടുകയായിരുന്നു.

ഇരകള്‍ ജട്ട്‌ലയെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ ഒഴിവ് കഴിവ് പറഞ്ഞ് ഒഴിവാകുകയാണ് ജട്ട്‌ലയുടെ പതിവ്. ചില സമയങ്ങളില്‍ ജട്ട്‌ല ചെറിയ തുകകള്‍ തിരിച്ച് നല്‍കിയെങ്കിലും അവരുടെ കൈയില്‍ നിന്ന് പിരിച്ച പണം പൂര്‍ണമായും നല്‍കിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

content highlight: Indian origin cheated lakhs as middleman in UK; 3 years imprisonment

Latest Stories

We use cookies to give you the best possible experience. Learn more