ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗില്‍ മിന്നുന്ന പ്രകടനവുമായി ഇന്ത്യന്‍ വംശജന്‍. ബി.ബി.എല്ലിലെ സിഡ്‌നി തണ്ടേഴ്‌സ് താരം ഗുരീന്ദര്‍ സന്ധുവാണ് ടൂര്‍ണമെന്റില്‍ തന്റെ ആദ്യ മൂന്ന് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
ബി.ബി.എല്ലില്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനെതിരായ മത്സരത്തിലാണ് സന്ധു ഹാട്രിക് സ്വന്തമാക്കിയത്.
മത്സരത്തിന്റെ 16ാം ഓവറിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം. സ്‌ക്രോച്ചേഴ്‌സ് നായകന്‍ ആഷ്ടണ്‍ ടര്‍ണര്‍, ആറോണ്‍ ഹാര്‍ഡി, ലൗറി എവന്‍സ് എന്നിവരെയാണ് അടുത്തടുത്ത പന്തുകളില്‍ സന്ധു കൂടാരം കയറ്റിയത്.
പതിനാറാം ഓവറിലെ രണ്ടാം പന്തില്‍ എവന്‍സിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചായിരുന്നു സന്ധു ഹാട്രിക് പൂര്‍ത്തിയാക്കിയത്. വിക്കറ്റ് നേടിയ ശേഷം ഇന്ത്യന്‍ ശൈലിയില്‍ കൈകള്‍ തുടയിലടിച്ച് ‘ലേ പംഗാ’ മാതൃകയിലായിരുന്നു സന്ധുവിന്റെ ആഘോഷം.
പഞ്ചാബിലായിരുന്നു സന്ധുവിന്റെ ജനനം. ശേഷം ഓസ്‌ട്രേലിയയിലേക്ക് ചേക്കേറുകയായിരുന്നു.
താരത്തിന്റെ കരിയറിലെ മൂന്നാം ഹാട്രിക്കാണ് സ്‌ക്രോച്ചേഴ്‌സിനെതിരായ മത്സരത്തില്‍ പിറന്നത്. 2018ലും 2021ലുമായിരുന്നു താരം ഇതിന് മുമ്പ് ഹാട്രിക് നേടിയത്.
ബി.ബി.എല്ലില്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനെതിരായ ഹാട്രിക് നേട്ടത്തോടെ മറ്റൊരു റെക്കോഡും സന്ധുവിനെ തേടിയെത്തിയിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരം എന്ന റെക്കോഡാണ് സന്ധു സ്വന്തമാക്കിയിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി 2 മത്സരങ്ങളും സന്ധു കളിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Indian-origin Australia fast bowler Gurinder Sandhu takes hat-trick in BBL