ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തിലെ ഷോ സ്റ്റീലര്‍ യുവതാരം ശുഭ്മന്‍ ഗില്ലായിരുന്നു. വിന്‍ഡീസ് പര്യടനത്തിലൂടെ തന്റെ പേരിന് നേരെ നിരവധി നേട്ടങ്ങള്‍ എഴുതിച്ചേര്‍ക്കാനും ഗില്ലിനായി.
പര്യടനത്തിലെ ആദ്യ മത്സരം മുതല്‍ സന്ദര്‍ശകരുടെ വിശ്വസ്തനായിരുന്നു ഈ 22കാരന്‍. അവസാന മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയെങ്കിലും മഴ ചതിച്ചില്ലായിരുന്നുവെങ്കില്‍ ഒരു സൂപ്പര്‍ റെക്കോഡും താരത്തിന് നേടാന്‍ സാധിച്ചേനെ.
ടോസ് നേടി ആദ്യം ബാറ്റിങ് തെരെഞ്ഞടുത്ത ഇന്ത്യ ഓപ്പണര്‍മാരുടെ മികവില്‍ കത്തിക്കയറുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടി ഇന്ത്യയുടെ ആദ്യ വിക്കറ്റായി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 113 റണ്‍സായിരുന്നു.
വണ്‍ ഡൗണായെത്തിയ ഉപനായകന്‍ ശ്രേയസ് അയ്യരിനെ കൂട്ടുപിടിച്ചും ഗില്‍ അടി തുടര്‍ന്നു. 34 പന്തില്‍ നിന്നും 44 റണ്‍സുമായി അയ്യര്‍ പുറത്തായപ്പോഴും അടി നിര്‍ത്താന്‍ ഗില്‍ ഒരുക്കമായിരുന്നില്ല. ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ പെട്ടെന്ന് പുറത്തായെങ്കിലും ഒരറ്റത്ത് ഗില്‍ ഉറച്ചുനിന്നു.
വിന്‍ഡീസ് ബൗളര്‍മാര്‍ മാറി മാറി പരിശ്രമിച്ചിട്ടും ഇന്ത്യയുടെ സൂപ്പര്‍ താരത്തെ പുറത്താക്കാന്‍ പോയിട്ട് ഒന്ന് പരീക്ഷിക്കാന്‍ പോലും സാധിച്ചില്ല. എന്നാല്‍ മഴ വില്ലനായപ്പോള്‍ ഗില്‍ ഒന്ന് പതറി.
ഇന്ത്യന്‍ സ്‌കോര്‍ 225ല്‍ നില്‍ക്കവെയായിരുന്നു മഴയെത്തിയത്. ഏഴ് പന്തില്‍ നിന്നും ആറ് റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും 98 പന്തില്‍ നിന്നും 98 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമായിരുന്നു ക്രീസില്‍.
മഴ കാരണം കളി നിര്‍ത്തി വെക്കുകയും വെസ്റ്റ് ഇന്‍ഡീസിനായി ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം സ്‌കോര്‍ പുനര്‍നിര്‍ണയിക്കുകയും ചെയ്തപ്പോള്‍ ഗില്ലിന് നഷ്ടമായത് അര്‍ഹമായ സെഞ്ച്വറിയായിരുന്നു.
ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിക്ക് 2 റണ്‍സ് മാത്രം അകലെ നില്‍ക്കവെയായിരുന്നു പുറത്താവുക പോലും ചെയ്യാതെ ഗില്ലിന് സെഞ്ച്വറി നഷ്ടമായത്.
സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ഗില്ലിന്റെ മാസ്മരിക പ്രകടനം തന്നെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആധാരം. മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍സ് പൊരുതാന്‍ പോലും നില്‍ക്കാതെ അടിയറവ് പറഞ്ഞപ്പോള്‍ 119 റണ്‍സിന്റെ പടുകൂറ്റന്‍ ജയമായിരുന്നു ഇന്ത്യ രജിസ്റ്റര്‍ ചെയ്തത്.
പ്ലെയര്‍ ഓഫ് ദി മാച്ചും പ്ലെയര്‍ ഓഫ് ദി സീരീസും ഗില്‍ തന്നെയാണ്. മൂന്ന് മത്സരത്തില്‍ നിന്നുമായി 68.33 ശരാശരിയില്‍ 205 റണ്‍സാണ് താരം സ്വന്തമാക്കിയത്.
For his impressive 98* in the third #WIvIND ODI, @ShubmanGill wins the Player of the Match award as #TeamIndia complete the 3-0 cleansweep in the series. 👍 👍
രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തിയതിനാല്‍ തന്നെ ടി-20 പരമ്പരയും സ്വന്തമാക്കാന്‍ കഴിയുമെന്നും ടി-20 ലോകകപ്പിന് മുമ്പ് തന്നെ വിന്‍ഡീസിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content highlight: Indian opener Shubman Gill missed his maiden ODI century due to rain