ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസിലെ മുഖ്യപ്രതികളിലൊരാളായ ലളിത് ഭനോട്ടിനെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തത് വിവാദമാകുന്നു.
ലളിത് ഭനോട്ടിനെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്ത നടപടി തെറ്റായിപ്പോയെന്ന് മുന്‍ സെക്രട്ടറി ജനറല്‍ രണ്‍ധീര്‍ സിങ്, ഹോക്കി ഫെഡറേഷന്‍ മേധാവി കെ.പി.എസ്. ഗില്‍ എന്നിവര്‍ ആരോപിച്ചു.[]
കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ജനറല്‍ സെക്രട്ടറിയായിരുന്നു ലളിത് ഭനോട്ട്. ഗെയിംസിനുള്ള സമയനിര്‍ണയ, ഫലപ്രഖ്യാപന സംവിധാനം സ്ഥാപിച്ചതിലെ ക്രമക്കേടില്‍ ഭനോട്ടിനെതിരെ സി.ബി.ഐ പ്രത്യേക കോടതി കുറ്റംചുമത്തിയിരുന്നു.
സംഘാടക സമിതി ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡി, മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ. വര്‍മ്മ എന്നിവര്‍ക്കൊപ്പം ഭനോട്ട് ഒരു വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു.
ഭനോട്ടിനെപ്പോലെ മോശം പശ്ചാത്തലമുള്ള വ്യക്തികളെ ഭാരവാഹികളാക്കരുതെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ എത്തിക്‌സ് കമ്മിഷന്‍ ഐ.ഒ.എയെ അറിയിച്ചിരുന്നു.
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗത്വം രണ്‍ധീര്‍ സിങ് രാജിവയ്ക്കണമെന്ന് ഐ.ഒ.എ നിയുക്ത പ്രസിഡന്റ് അഭയ് സിങ് ചൗട്ടാല ആവശ്യപ്പെട്ടു.
അഭയ് സിങ് ചൗട്ടാല ഐ.ഒ.എ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥി ഐ.ഒ.സി. അംഗം കൂടിയായ രണ്‍ധീര്‍ സിങ് പിന്മാറിയതിനെ തുടര്‍ന്ന് ഈയാഴ്ചയാദ്യം ചൗട്ടാല പ്രസിഡന്റാവുമെന്നുറപ്പായിരുന്നു.
ഐ.ഒ.എ.യിലെ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഡിസംബര്‍ അഞ്ചിനാണ്. എന്നാല്‍, ചൗട്ടാലയുടെ എതിര്‍ സ്ഥാനാര്‍ഥിയും എതിര്‍ പാനല്‍ തന്നെയും പിന്മാറിയതോടെ ഭാനോട്ട് എതിരില്ലാതെ സെക്രട്ടറിയാവുമെന്ന് വെള്ളിയാഴ്ച വ്യക്തമാവുകയായിരുന്നു.
നാലുപേരാണ് എതിരില്ലാതെ പുതിയ ഭാരവാഹികളായിട്ടുള്ളത്. സീനിയര്‍ വൈസ് പ്രസിഡന്റ് വീരേന്ദ്ര നാനാവതിയും ട്രഷറര്‍ എന്‍.രാമചന്ദ്രനുമാണ് മറ്റു രണ്ടുപേര്‍.