റിയോ ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് പ്രഖ്യാപിച്ച ബി.എം.ഡബ്ല്യൂ കാര്‍ സച്ചിന്‍ സമ്മാനിച്ചു
Daily News
റിയോ ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് പ്രഖ്യാപിച്ച ബി.എം.ഡബ്ല്യൂ കാര്‍ സച്ചിന്‍ സമ്മാനിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2016, 9:10 am

 ആന്ധ്ര ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്ടന്‍ വി. ചാമുണ്ഡേശ്വരനാഥിന്റെ വകയാണ് കാറുകള്‍. റിയോയിലെ പ്രകടനം കണക്കിലെടുത്ത് നാലുപേര്‍ക്ക് കാറുകള്‍ നല്‍കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു

ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് പ്രഖ്യാപിച്ച ബി.എം.ഡബ്ല്യൂ കാറുകള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്മാനിച്ചു.

ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ വെള്ളി മെഡല്‍ ജേതാക്കളായ പി.വി. സിന്ധു, വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ ദിപ കര്‍മാകര്‍, സിന്ധുവിന്റെ പരിശീലകന്‍ ഗോപിചന്ദ് എന്നിവരാണ് കാര്‍ ഏറ്റുവാങ്ങിയത്.

ആന്ധ്ര ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്ടന്‍ വി. ചാമുണ്ഡേശ്വരനാഥിന്റെ വകയാണ് കാറുകള്‍. റിയോയിലെ പ്രകടനം കണക്കിലെടുത്ത് നാലുപേര്‍ക്ക് കാറുകള്‍ നല്‍കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍മാരില്‍ ഒരാളാണ് സച്ചിന്‍.

sachinselfie

രാജ്യത്തിന് ബഹുമതികള്‍ നേടിത്തന്ന താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സച്ചിന്‍് പറഞ്ഞു. “നമ്മള്‍ അവരെ പിന്തുണച്ചു, അവര്‍ക്കായി പ്രാര്‍ത്ഥിച്ചു, അനുഗ്രഹിച്ചു. മുന്നോട്ടുള്ള യാത്രയില്‍ ഓരോ താരവും ആഗ്രഹിക്കുന്നത് ഇതാണ്.

ഇന്ത്യന്‍ കായികരംഗത്തെ മനോഹര മൂഹൂര്‍ത്തമാണിത്. യാത്ര ഇവിടെ തുടങ്ങുന്നു, ഇതിനേക്കാള്‍ മികച്ച രീതിയില്‍ അവര്‍ മുന്നോട്ടു പോകുമെന്ന് പ്രത്യാശിക്കുന്നു” സച്ചിന്‍ പറഞ്ഞു.

റിയൊയില്‍ വെങ്കലമാണെങ്കിലും അടുത്ത തവണ ടോക്യോയില്‍ സ്വര്‍ണം നേടുമെന്ന് സാക്ഷി മാലിക് പറഞ്ഞു. ചടങ്ങിന് ശേഷം താരങ്ങള്‍ക്കൊപ്പം നിന്ന് സച്ചിന്‍ സെല്‍ഫിയും എടുത്തു.