പി.ടി ഉഷക്കെതിരെ ഒളിമ്പിക് അസോസിയേഷനില്‍ പടയൊരുക്കം; 25ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും
national news
പി.ടി ഉഷക്കെതിരെ ഒളിമ്പിക് അസോസിയേഷനില്‍ പടയൊരുക്കം; 25ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2024, 11:40 am

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷയെ പുറത്താക്കാന്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങി അസോസിയേഷന്‍ അംഗങ്ങള്‍. ഈ മാസം 25ന് ചേരുന്ന യോഗത്തില്‍ 26-ാമത്തെ വിഷയമായി പ്രമേയം അവതരിപ്പിക്കും.

എക്‌സിക്യൂട്ടീവ് സമിതിയിലെ 15ല്‍ 12 പേരും ഉഷയ്ക്ക് എതിരാണെന്നാണ് സൂചന. ഒളിമ്പിക്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും ഉഷയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഒളിമ്പിക്‌സ് നടത്തിപ്പിനായി കൂടുതല്‍ പണം ചെലവഴിച്ചു, റിലയന്‍സ് ഗ്രൂപ്പിന് അധിക ആനുകൂല്യങ്ങള്‍ നല്‍കിയത് വഴി അസോസിയേഷന് 24 കോടിയുടെ നഷ്ടം വരുത്തി, പല വിഷയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നീ ആരോപണങ്ങളാണ് ഉഷയ്ക്ക് നേരെ ഉയര്‍ന്നത്.

അസോസിയേഷനിലെ മറ്റ് അംഗങ്ങളുമായി ഉഷയ്ക്ക് നേരത്തെ തന്നെ പല കാര്യങ്ങളിലും തര്‍ക്കങ്ങളുണ്ടായിരുന്നു. പല അംഗങ്ങളും യോഗ്യതാമാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന് കാണിച്ച് ഉഷ ഇവരില്‍ പലര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് പുറമെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ജനുവരിയില്‍ രഘുറാം അയ്യരെ സി.ഇ.ഒ ആയി നിയമിച്ച നടപടി സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ചിരുന്നില്ല. കൂടാതെ ട്രഷററായ സഹദേവ് യാദവും ഉഷയും തമ്മിലും പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന് നല്‍കിയ ഒന്നേമുക്കാല്‍ കോടി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് ഉഷ സഹദേവിന് നോട്ടീസ് അയച്ചിരുന്നു.

കൂടാതെ ഒളിമ്പിക്‌സിനിടെ ആഢംബര മുറിയിലെ താമസം, സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, പ്രതിനിധി സംഘത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി തുടങ്ങിയ വിഷയങ്ങളിലും മറ്റ് അംഗങ്ങള്‍ക്ക് ഉഷയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തന്നെ പി.ടി ഉഷ നിഷേധിച്ചിട്ടുണ്ട്. റിലയന്‍സുമായി ഒപ്പിട്ട 24 കോടിയുടെ കരാര്‍ നഷ്ടത്തിന് കാരണമായെന്ന സഹദേവ് യാദവിന്റെ സി.എ.ജി റിപ്പോര്‍ട്ടിലെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ ഉഷ തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ശ്രമമാണിതെന്നും കൂട്ടിച്ചേര്‍ത്തു. അക്കാരണത്താല്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉഷ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മലയാളികൂടിയായ പി.ടി.ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍ഡന്റായി നിയമിതയാകുന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണിവര്‍.

Content Highlight: Indian Olympic Association discuss no-confidence motion against P.T. Usha