| Sunday, 1st July 2018, 2:59 pm

ഇന്ത്യന്‍ ഫുട്‌ബോളിന് തിരിച്ചടി; ഏഷ്യന്‍ ഗെയിംസിലേക്ക് ഫുട്‌ബോള്‍ ടീമിനെ അയക്കില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഏഷ്യന്‍ ഗെയിംസിലേക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ അയക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. മെഡല്‍ സാധ്യത ഇല്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ഐ.ഒ.എയുടെ നടപടി.

അടുത്തവര്‍ഷത്തെ ഏഷ്യന്‍ കപ്പിനു മുന്നോടിയായി വീണുകിട്ടുമായിരുന്ന അവസരം ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമായി. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.

ശനിയാഴ്ച പുറപ്പെടുവിച്ച ലിസ്റ്റില്‍ ഫുട്‌ബോള്‍ മാത്രമാണ് തഴയപ്പെട്ടിട്ടുള്ളത്. അതേസമയം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തിട്ടുള്ളതെന്നാണ് ഒളിംപിക് അസോസിയേഷന്‍ നല്‍കുന്ന വിശദീകരണം.

ALSO READ: ജര്‍മ്മനി, അര്‍ജന്റീന, പോര്‍ച്ചുഗല്‍…; സ്‌പെയിനിന്റെ വഴി റഷ്യ മുടക്കുമോ?

“അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ വലിയ വിജയങ്ങളൊന്നും രാജ്യത്തിന് സമ്മാനിച്ചിട്ടില്ല. അതിനാല്‍ തന്നെ ടീമിനെ ഗെയിംസിലേക്ക് അയക്കുന്നത് ഉചിതമല്ല.” മുതിര്‍ന്ന ഒളിംപിക് അസോസിയേഷന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

മെഡല്‍ സാധ്യതയുള്ള മറ്റ് ഇനങ്ങളിലെല്ലാം ഇന്ത്യ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനദണ്ഡങ്ങള്‍ പ്രകാരം ഏഷ്യന്‍ റാങ്കിംഗിലെ ആദ്യ എട്ടു ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത. ഇന്ത്യന്‍ പുരുഷ ടീം ഫിഫ റാങ്കിംഗില്‍ 97ാമതും ഏഷ്യന്‍ രാജ്യങ്ങളില്‍ 14ാമതുമാണ്. വനിതകളില്‍ യഥാക്രമം 60, 13 എന്നിങ്ങനെയാണ് ടീം റാങ്കിംഗ്.

ALSO READ: മെസ്സിയുടെ വണ്ടിയില്‍ ക്രിസ്റ്റിയാനോയും റഷ്യയ്ക്ക് പുറത്തേക്ക്; കവാനിയുടെ ഇരട്ടഗോളില്‍ ഉറുഗ്വായ്ക്ക് ജയം

അതേസമയം ചില അവസരങ്ങളില്‍ ഈ മാനദണ്ഡങ്ങളെ കാര്യമായി പരിഗണിക്കാറില്ല. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി അറിയിച്ചു.

” കായികലോകത്ത് വളരെ മത്സരം നടക്കുന്ന മേഖലയാണ് ഫുട്‌ബോള്‍. വന്‍കരയില്‍ എട്ടാമതെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ ടീം നേടിയ നേട്ടങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള തീരുമാനമാണ് ഒളിംപിക് അസോസിയേഷന്‍ കൈക്കൊണ്ടിരിക്കുന്നത്.” ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി പറയുന്നു.

കഴിഞ്ഞ തവണയും ഫുട്‌ബോള്‍ ടീം തഴയപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തെ കായികമന്ത്രിയായ പ്രഫുല്‍ പട്ടേല്‍ ഇടപെട്ട് ടീമിന് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more