ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം: ഇന്ത്യന്‍ നഴ്‌സുമാര്‍ ബ്രിട്ടണില്‍ പുറത്താക്കല്‍ ഭീഷണിയില്‍
Daily News
ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം: ഇന്ത്യന്‍ നഴ്‌സുമാര്‍ ബ്രിട്ടണില്‍ പുറത്താക്കല്‍ ഭീഷണിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd June 2015, 7:20 pm

ലണ്ടന്‍: ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുന്നതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പുറത്താക്കല്‍ ഭീഷണിയില്‍. ഇവരില്‍ വലിയൊരു വിഭാഗം ഇന്ത്യയില്‍ നിന്നുള്ളവരാണ്.

ഫിലിപ്പിയന്‍സ് കഴിഞ്ഞാല്‍ ബ്രിട്ടനിലേക്ക് നഴിസിങ് സ്റ്റാഫിനെ പ്രദാനം ചെയ്യുന്നതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഏകദേശം 15000ത്തോളം പേര്‍ ബ്രിട്ടണില്‍ നഴ്‌സിങ് തൊഴില്‍ ചെയ്യുന്നു എന്നാണ് കണക്ക്.

ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സെര്‍വീസ് നിയമിച്ചിരിക്കുന്ന നഴ്‌സുമാരാണ് വരുന്ന രണ്ട് വര്‍ഷം കൊണ്ട് കൂട്ട പുറത്താക്കലിന് വിധേയമാകുന്നത്.  പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ വരുന്നതിലൂടെ വരുന്ന രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിക്കാന്‍ പോകുന്ന പരിണിത ഫലങ്ങളെ കുറിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് നടത്തിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നിയമ പ്രകാരം യൂറോപ്യന്‍ യൂണിയനിലെ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ പ്രതിവര്‍ഷം 35000 പൗണ്ട് വരുമാനമുള്ളവരെ മാത്രമെ ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അനുവദിക്കൂ. നിലവിലിത് ഒരു സീനിയര്‍ നഴ്‌സിന് ലഭിക്കുന്ന വരുമാനമാണ്.

“ആറുവര്‍ഷം കഴിയുമ്പോള്‍ തൊഴിലുപേക്ഷിക്കേണ്ടിവരുമെന്ന് നഴ്‌സുമാര്‍ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല.  ഈ ട്രെയിനിങ് കോഴ്‌സെല്ലാം ചെയ്തിട്ട് ആറുവര്‍ഷത്തിനു ശേഷം എനിക്ക് തിരികെ പോകേണ്ടിവരിക ദുഖകരം തന്നെ.” നാഷണല്‍ ഹെല്‍ത്ത് സെര്‍വീസ് നഴ്‌സായ സന്ദീപ് ദുഗ്ഗാനി പറയുന്നു.

ഏകദേശം 3365 നഴ്‌സുമാര്‍ എത്രയും പെട്ടെന്നുപുറത്താക്കപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ പരിശീലനത്തിന് ഏകദേശം 20.19 ദശലക്ഷം പൗണ്ട് വേണ്ടിവന്നിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2020-ഓടുകൂടി 6620 പേര്‍ പുറത്താക്കപ്പെടും.

അതേസമയം ഇത് ബ്രിട്ടണെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു .