ന്യൂദല്‍ഹി: വാര്‍ത്തയ്ക്ക് പണം നല്‍കണമെന്ന് ഗൂഗിളിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി.പത്ര സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന കണ്ടന്റുകള്‍ക്ക് കൃത്യമായ വരുമാനം നല്‍കണമെന്നാണ് ഗൂഗിള്‍ ഇന്ത്യക്ക് അയച്ച കത്തില്‍ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി വ്യക്തമാക്കിയിരിക്കുന്നത്.
ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗണ്യമായ ചെലവില്‍ ജോലി നല്‍കുന്ന പത്രങ്ങള്‍ നിര്‍മ്മിക്കുന്ന വാര്‍ത്തയ്ക്ക് പണം നല്‍കണമെന്ന് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി പത്രങ്ങളുടെ ഉള്ളടക്കത്തിന് ന്യായമായ പണം നല്‍കണമെന്നും പരസ്യ വരുമാനം കൃത്യമായ രീതിയില്‍ പങ്കിടണമെന്നും ലോകമെമ്പാടുമുള്ള പ്രസാധകര്‍ ഉന്നയിക്കുന്നുണ്ടെന്ന് സൊസൈറ്റി അഭിപ്രായപ്പെട്ടു.
ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രസാധകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പണം നല്‍കാനും ഗൂഗിള്‍ അടുത്തിടെ സമ്മതിച്ചിട്ടുണ്ടെന്നും സൊസൈറ്റി പറഞ്ഞു.
മാധ്യമ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന കണ്ടന്റുകള്‍ ഗൂഗിള്‍ സെര്‍ച്ചിലൂടെയും ഫേസ്ബുക്ക് ഫീഡിലൂടെയും ഉപയോഗപ്പെടുത്തുമ്പോള്‍ അതത് മാധ്യമങ്ങളുമായുള്ള ധാരണകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഗൂഗിളും ഫേസ്ബുക്കും പ്രതിഫലം നല്‍കണമെന്ന് ഓസ്ട്രേലിയയില്‍ അവതരിപ്പിച്ച പുതിയ നിയമത്തില്‍ പറഞ്ഞിരുന്നു.