ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് പിന്നാലെ കരസേനയിലും അഗ്നിപഥ് പ്രകാരമുള്ള റിക്രൂട്ട്‌മെന്റ്
national news
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് പിന്നാലെ കരസേനയിലും അഗ്നിപഥ് പ്രകാരമുള്ള റിക്രൂട്ട്‌മെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th June 2022, 11:45 am

ന്യൂദല്‍ഹി: കരസേനയിലും അഗ്നിപഥ് പ്രകാരം റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങി കേന്ദ്രം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറങ്ങിയത്. ആറ് തസ്തികകളിലേക്കാണ് അഗ്നിപഥ് പ്രകാരം റിക്രൂട്ട്‌മെന്റ് നടത്തുക. 17.5 മുതല്‍ 23 വരെ പ്രായക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് റിക്രൂട്ട്‌മെന്റ്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ എയര്‍ഫോഴ്‌സും അഗ്നിപഥ് പ്രകാരമുള്ള റിക്രൂട്ട്‌മെന്റുകള്‍ നടത്തിയിരുന്നു. പദ്ധതിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായിരുന്നെങ്കിലും 94,000ത്തോളം അപേക്ഷകള്‍ ഐ.എ.എഫിന് ലഭിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 25നായിരുന്നു ഐ.എ.എഫ് റിക്രൂട്ട്‌മെന്റ് നടത്തിയത്.

ജൂണ്‍ 14നാണ് അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. നിരവധി പ്രതിപക്ഷ പാര്‍ട്ടികളും സൈനിക പ്രവര്‍ത്തകരും പദ്ധതിയെ അപലപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പദ്ധതിയുടെ പ്രായപരിധി 21ല്‍ നിന്ന് 23 വയസായി ഉയര്‍ത്തിയിരുന്നു. അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്നവരെ അഗ്നിവീര്‍ എന്നായിരിക്കും അറിയപ്പെടുക. സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍ വേണ്ടിയാണ് പദ്ധതിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

ജോലിയില്‍ പ്രവേശിച്ച ആദ്യ വര്‍ഷത്തില്‍ അഗ്നിവീറുകള്‍ക്ക് പ്രതിമാസ ശമ്പളം 30,000 രൂപയായിരിക്കും. നാല് വര്‍ഷത്തേക്കായിരിക്കും ഇവരെ റിക്രൂട്ട് ചെയ്യുക. നാലു വര്‍ഷത്തിന് ശേഷം ഇതില്‍ നിന്നും 25 ശതമാനം പേരെ മാത്രമായിരിക്കും സൈന്യത്തിലേക്ക് സ്ഥിരമായി നിയമിക്കുക. അവശേഷിക്കുന്ന 75ശതമാനം പേര്‍ക്ക് അസം റൈഫിള്‍സിലും പൊലീസ് സേനയിലും 10 ശതമാനം സംവരണം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.

രാജ്യത്തുടനീളം പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലായിരുന്നു പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.

Content Highlight: Indian navy to conduct recruitements under agneepath scheme