ഇസ്ലാമാബാദ്: ബലൂചിസ്താനില്‍ നിന്ന് പാക് സൈന്യം പിടികൂടിയ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഖുല്‍ ഭൂഷണ്‍ യാദവ് എന്ന റിട്ടയേര്‍ഡ് നാവിക ഉദ്യോഗസ്ഥനെയാണ് ചാരനെന്ന് മുദ്രകുത്തി വധ ശിക്ഷയ്ക്ക വിധിച്ചിരിക്കുന്നത്.
പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വവയാണ് ഖുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ച കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. പാക് സൈനിക നിയമപ്രകാരമാണ് ഇയാള്‍ക്കെതിരായ വധശിക്ഷയെന്നും ബജ്വവ പറഞ്ഞു.
2016 മാര്‍ച്ച് 3നാണ് ഖുല്‍ ഭൂഷണ്‍ യാദവിനെ ബലൂചിസ്താനില്‍ നിന്ന് അറസ്റ്റ് ചെയ്ത വിവരം പാകിസ്താന്‍ ഇന്ത്യക്ക് കൈമാറുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണെന്ന അവകാശ വാദത്തോടെയായിരുന്നു പാക് ഖുല്‍ ഭൂഷണ്‍ പിടിയിലായ വിവരം അറിയിക്കുന്നത്.
എന്നാല്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് ഖുല്‍ഭൂഷണെന്നും ഇയാള്‍ ഇന്ത്യന്‍ റോ ഉദ്യോഗസ്ഥനല്ലെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരു റോ ഉദ്യോഗസ്ഥനെ പിടികൂടിയെന്ന പാകിസ്താന്റെ ആദ്യത്തെ അവകാശവാദം കൂടിയായിരുന്നു ഇത്.