അറബിക്കടലിലെ ഡ്രോണാക്രമണം; പ്രതിരോധനത്തിനായി തീരങ്ങളില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യന്‍ നാവിക സേന
national news
അറബിക്കടലിലെ ഡ്രോണാക്രമണം; പ്രതിരോധനത്തിനായി തീരങ്ങളില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യന്‍ നാവിക സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th December 2023, 4:06 pm

ന്യൂദല്‍ഹി: അറബിക്കടലില്‍ വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യന്‍ നാവിക സേന. ആക്രമണങ്ങളെ ചെറുക്കാനായി ‘പി 8 ഐ’ ലോങ് റേഞ്ച് പെട്രോളിങ് വിമാനവും ഐ.എന്‍.എസ് മോര്‍മുഗാവോ, ഐ.എന്‍.എസ് കൊച്ചി, ഐ.എന്‍.എസ് കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളും മേഖലയില്‍ വിന്യസിച്ചതായി നാവികാ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അറബിക്കടലില്‍ ഡ്രോണാക്രമണം നേരിട്ട കപ്പലില്‍ കൂടുതല്‍ പരിശോധന നടക്കുകയാണെന്ന് ഇന്ത്യന്‍ നാവികാ സേന അറിയിച്ചു. ഇന്ത്യയിലെ സ്ഫോടകവസ്തു നിര്‍മാര്‍ജന സംഘം കപ്പലില്‍ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങളും സ്‌ഫോടക വസ്തുക്കളും വിശകലനം ചെയ്തെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണത്തിനായി ഉപയോഗിച്ച സ്‌ഫോടകവസ്തുവിന്റെ തരവും അളവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെങ്കില്‍ കൂടുതല്‍ ഫോറന്‍സിക് സാങ്കേതിക വിശകലനം ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

സ്ഫോടകവസ്തു നിര്‍മാര്‍ജന സംഘത്തിന്റെ പരിശോധനകള്‍ പൂര്‍ത്തിയായതോടെ മറ്റു അന്വേഷണ ഏജന്‍സികളും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം നേരിട്ട കപ്പലില്‍ നിന്ന് ചരക്ക് കൈമാറ്റം ചെയ്യുന്നതിന് മുന്നോടിയായി കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാവണമെന്ന് നാവികാ സേന ഉദ്യോഗസ്ഥര്‍ കപ്പല്‍ കമ്പനിയെ അറിയിച്ചിതായി സേന വക്താവ് വ്യക്തമാക്കി.

കേടുപാടുകള്‍ സംഭവിച്ച കപ്പലില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു. അറബിക്കടലിലെ കൂടുതല്‍ പ്രതിരോധം ഏര്‍പ്പെടുത്താന്‍ മൂന്ന് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളെ തീരങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും നാവികസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് എം.വി ചെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പലിന് നേരെയാണ് ഡ്രോണാക്രമണം ഉണ്ടാവുന്നത്.
കപ്പലുകളില്‍ ഡ്രോണ്‍ ഇടിക്കുകയും തുടര്‍ന്ന് തീപിടുത്തം ഉണ്ടായതുമായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.

സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് പോകവെയാണ് എം.വി ചെം പ്ലൂട്ടോക്ക് നേരെ ആക്രമണം നടന്നത്. കപ്പലില്‍ ക്രൂഡ് ഓയില്‍ ഉണ്ടായിരുന്നെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഏതാനും ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് കപ്പലിലെ തീ അണച്ചുവെന്നും എന്നാല്‍ അത് കപ്പലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Indian Navy deploys warships in Arabian Sea for defense