ഐ.എന്‍.എല്ലില്‍ വിഭാഗീയത രൂക്ഷം, മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന നേതാവിനെ പുറത്താക്കി; സംസ്ഥാന പ്രസിഡന്റ് അവധിയില്‍
Kerala Politics
ഐ.എന്‍.എല്ലില്‍ വിഭാഗീയത രൂക്ഷം, മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന നേതാവിനെ പുറത്താക്കി; സംസ്ഥാന പ്രസിഡന്റ് അവധിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 7:09 pm

സംസ്ഥാനത്തെ ഐ.എന്‍.എല്‍ കടന്നുപോവുന്നത് കടുത്ത പ്രതിസന്ധിയിലൂടെ. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെയും ഭരണഘടനയെയും മറികടന്ന് സംഘടനാ നടപടികളും തീരുമാനങ്ങളും നടപ്പിലാക്കുന്നുവെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. നിലവിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ.പി അബ്ദുള്‍ വഹാബ് രണ്ട് മാസത്തെ അവധിയില്‍ പ്രവേശിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ: മുഹ്മദ് സുലൈമാനുമായി ചേര്‍ന്ന് ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

ഐ.എന്‍.എല്‍ സ്ഥാപകാംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന കെ.പി ഇസ്മയിലിനെ ആറുവര്‍ഷത്തേക്ക് പുറത്താക്കിയ നടപടിയാണ് എ.പി അബ്ദുള്‍ വഹാബ് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുക എന്ന തീരുമാനം കൈക്കൊള്ളാനുള്ള കാരണം. കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പിലാണ് ഇസ്മയിലെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കാസിം ഇരിക്കൂര്‍ റിട്ടേണിംഗ് ഓഫീസറായി വന്ന ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഇസ്മയിലിനെയും ഒപ്പമുള്ളവരെയും വെട്ടിനിരത്തുകയായിരുന്നു എന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു.

ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഇസ്മയില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ എല്‍.ഡി.എഫ് യോഗത്തില്‍ പ്രസംഗിച്ചു എന്നാരോപിച്ച് നടപടിയെടുത്തിരുന്നു. ഒരു വര്‍ഷത്തേക്ക് സംഘടനയുടെയും മുന്നണിയുടെയും പരിപാടികളില്‍ വിലക്കുന്നതായിരുന്നു നടപടി
സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ അദ്ധ്യക്ഷനും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. എ.പി അബ്ദുള്‍ വഹാബിനോട് നടപടിയെ കുറിച്ച് അറിയിച്ചിരുന്നില്ല. ഈ സമയത്ത് അബ്ദുള്‍ വഹാബ് സൗദി യാത്രയിലായിരുന്നു.

ഇസ്മയിലിനെതിരെ നടപടിയെടുത്തതില്‍ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇസ്മയിലിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ഭൂരിപക്ഷം നേതാക്കളും അന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇസ്മയിലിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത് ഒരു പാക്കേജ് എന്ന നിലയിലാണെന്ന് കാസിം ഇരിക്കൂര്‍ പാര്‍ട്ടി ഭാരവാഹികളുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ ശബ്ദസന്ദേശമായി നല്‍കിയിരുന്നു. ഇതിന് മറുപടിയായി ഇസ്മയില്‍ ഒരു സന്ദേശം മറ്റൊരു വാട്‌സ്ആപ് ഗ്രൂപ്പിലും നല്‍കി. ഈ സന്ദേശത്തിന്റെ പേരിലാണ് ഇസമയിലിനെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. പുറത്താക്കിയ നടപടി
അഖിലേന്ത്യാ അധ്യക്ഷനും കാസിം ഇരിക്കൂറും മാത്രം ചേര്‍ന്നെടുത്തതാണെന്ന് ഇസ്മയിലും മറ്റ് ഭാരവാഹികളും പറയുന്നു.

ഇസ്മയിലിനെ പുറത്താക്കിയ നടപടിയോടുള്ള പ്രതിഷേധമായാണ് എ.പി അബ്ദുള്‍ വഹാബ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം. ഇതില്‍ പ്രതിഷേധിച്ച് കാസിം ഇരിക്കൂര്‍ വിളിച്ചു ചേര്‍ത്ത ഭാരവാഹികളുടെ യോഗത്തില്‍ നിന്ന് പ്രധാനപ്പെട്ട നേതാക്കളെല്ലാം വിട്ടുനിന്നു. തന്നെ പുറത്താക്കി എന്ന വാര്‍ത്ത അപ്രസക്തമാണെന്നാണ് ഇസ്മയിലിന്റെ പ്രതികരണം.