വയനാട്: കെ.എം ഷാജി എം.എല്‍.എ കോഴിക്കോട് അനധികൃതമായി നിര്‍മ്മിച്ച വീട് പൊളിച്ചു നീക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഷാജിയുടെ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് ചൂടേറിയിരിക്കുകയാണ്. കുടുംബപരമായി തന്നെ തനിക്ക് സ്വത്തുണ്ടായിരുന്നു എന്നായിരുന്നു അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളോടുള്ള ഷാജിയുടെ മറുപടി. എന്നാല്‍ ഷാജിയുടെ വാദങ്ങള്‍ നുണയാണെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നാഷ്ണല്‍ ലീഗ്.
എല്‍.ഡി.എഫ് സഖ്യകക്ഷിയായ ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് ജനറല്‍ സെക്രട്ടറിയായ കാസിം ഇരിക്കൂരാണ് കെ.എം ഷാജിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കെ.എം ഷാജിയുടെ കുടുംബത്തിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ചും ലീഗിന്റെ പ്രമുഖ നേതാവായി തീരുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാസിം ഇരിക്കൂര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
വയനാട്ടിലെ കണിയാംപറ്റ എന്ന ഗ്രാമത്തില്‍ പലചരക്കും സ്റ്റേഷനറിയും ചായക്കടയുമെല്ലാം ചേര്‍ന്ന് രണ്ടുമുറിപ്പീടിക നടത്തിയിരുന്ന ബീരാന്‍കുട്ടി എന്ന സാധാരണക്കാരന്റെ മകനാണ് സ്വന്തം മണ്ഡലത്തിലെ ഒരു സ്‌കൂളിന് ഹയര്‍സെക്കണ്ടറി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് കാല്‍കോടി തട്ടിയതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴുത്തിന് കയറിട്ട് മുറുക്കിക്കഴിഞ്ഞ കെ.എം ഷാജി എന്ന രാഷ്ട്രീയ മാഫിയ തലവനെന്ന് കാസിം ഫേസ്ബുക്കിലെഴുതി.
പിതാവ് മരിക്കുമ്പോള്‍ 22,00 ചതു. അടി വിസ്തീര്‍ണമുള്ള തറവാട് വീടും വയനാട്ടിലെ ഒരു കുഗ്രാമത്തില്‍ രണ്ട് ഏക്കറില്‍ താഴെ ഭൂമിയുമാണ് ഷാജിയടക്കം അഞ്ച് മക്കളുള്ള കുടുംബത്തിന് ഭൂമുഖത്ത് അനന്തരമായി കിട്ടിയ ആകെ സമ്പാദ്യം. മണിമാളിക പണിയാനുള്ള സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്ന് തട്ടിവിടുമ്പോള്‍ ഒരുനാള്‍ സത്യം പുറത്തുവരാതിരിക്കില്ലെന്ന് ഈ മനുഷ്യന്‍ ഓര്‍ത്തില്ല. സ്വത്ത് വീതം വെച്ചപ്പോള്‍ സഹോദരിമാരുടെ വിഹിതം വാങ്ങിയതടക്കം കെ.എം ഷാജിക്ക് കിട്ടിയത് തറവാട് വീടും 40 സെന്റ് സ്ഥലവും മാത്രമാണെന്നും കാസിം പറയുന്നു.
വല്യൂപ്പ കളിത്തൊടിക മുഹമ്മദാജി 1946ല്‍ പണിത 11,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള, മൂന്നുനില മാളികപ്പുരയിലാണ് താന്‍ ജനിച്ചത് എന്ന ഷാജിയുടെ മേനിപറച്ചില്‍ കേട്ട് വയനാട്ടുകാര്‍ക്ക് ഇതുവരെ ചിരിയടക്കാന്‍ കഴിഞ്ഞിട്ടില്ല. ഷാജിയുടെ വലിയുപ്പ 11,000 ചതുരശ്ര അടി വീട് പണിതത് ‘വയനാട് ഹൈവേ’യുടെ സൈഡിലാണെത്ര. അക്കാലത്ത് കാളവണ്ടി മാത്രം സഞ്ചരിക്കാറുള്ള ചെമ്മണ്‍ പാതയാണ് ഷാജിയുടെ കുലമഹിമ നിരത്തിയപ്പോള്‍ ഹൈവേ ആയി വികസിച്ചത്. വല്യൂപ്പ നാരങ്ങ കച്ചവടം നടത്തിയും പിതാവ് കോയമ്പത്തൂരേക്ക് കാപ്പി കടത്തിയും ജീവസന്ധാരണം തേടിയ, ‘അതിസമ്പന്നമായ’ ഗതകാലത്തെ കുറിച്ച് കണിയാമ്പറ്റയിലെ 80 വയസ് കഴിഞ്ഞ ബീരാന്‍ ഓര്‍ത്തെടുക്കുമ്പോള്‍ തകര്‍ന്നുവീഴുന്നത് ഇ.ഡിക്കും പൊലീസിനും വിജിലന്‍സിനും മീഡിയക്കും മുന്നില്‍ ഷാജി ഈറ്റം കൊണ്ട കള്ളക്കഥകളുടെ ഉള്ളുകള്ളികളാണെന്നും അദ്ദേഹം പറയുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസാണ് കെ.എം ഷാജിക്ക് ലീഗിന്റെ മുന്‍നിരയിലേക്ക് ഉയരാനും സാമ്പത്തികനേട്ടമുണ്ടാക്കാനും വഴിയൊരുക്കിയതെന്നും കാസിം ആരോപിക്കുന്നു. ഷാജിക്ക ചാകര തീര്‍ത്തത് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പ്രതികൂടിയായ ഒരു പ്രവാസി മുതലാളിയെ കൊണ്ട് പണം മുടക്കിച്ച് ഷാജിയെ ‘സ്ലീപ്പിങ് പാര്‍ട്ണറാ’ക്കി കല്‍പറ്റയില്‍ ആരംഭിച്ച ‘സ്വര്‍ണാഞ്ജലി ജ്വല്ലറി’ കുഞ്ഞാലിക്കുട്ടി മുന്‍കൈ എടുത്ത് ഒരുക്കിക്കൊടുത്ത പാരിതോഷികമായിരുന്നെന്നും അദ്ദേഹം പറയുന്നു.
സഹപ്രവര്‍ത്തകരായ രണ്ടു ലീഗ് നേതാക്കളെ വഞ്ചിച്ച് തട്ടിയെടുത്ത സ്ഥലത്താണ് ഇപ്പോള്‍ വിവാദമായ വീട് ഷാജി പണിതിരിക്കുന്നതെന്നും കാസിം പറയുന്നു. സ്ഥലം വാങ്ങിയതിലെ നികുതി വെട്ടിപ്പ്, കോഴിക്കോട്ടെ മണിമാളികയുടെ നിര്‍മാണം, അഴീക്കോട് മണലിലെ 85 ലക്ഷം വിലവരുന്ന വില്ല, കെ.എം ഷാജിയുടെയും ഭാര്യയുടെയും പേരിലുള്ള വാഹനങ്ങള്‍, വീട്ടിലും ലോക്കറിലുമുള്ള സ്വര്‍ണാഭരണങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നടത്തിയിട്ടുള്ള നുറുകണക്കിന് വിദേശയാത്രകള്‍, കൊടുവള്ളിയിലെ സ്വര്‍ണക്കടത്തുകാരുമായുള്ള ബിസിനസ് ബന്ധം, പ്ലസ്ടു കോഴ ഉള്‍പ്പെടെയുള്ള അഴിമതികള്‍, പച്ചവര്‍ഗീയത പറഞ്ഞതിന്റെ പേരില്‍ േൈഹക്കോടതി അസാധുവാക്കിയ നിയമസഭാംഗത്വം തിരിച്ചുകിട്ടാന്‍ സുപ്രീം കോടതിയില്‍ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി പ്രശസ്ത അഭിഭാഷകന്‍ കപില്‍ സിബലിനെ ഏര്‍പ്പാടാക്കിയതിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്സ്, അത്യാര്‍ഭാടത്തില്‍ അഭിരമിച്ച് ജീവിക്കുന്നതിന് അടിസ്ഥാനമായി ഷാജി തന്നെ അവകാശപ്പെടുന്ന കര്‍ണ്ണാടകയിലെ ‘ഇഞ്ചികൃഷി’യുടെ ഉള്ളറകള്‍, ഗള്‍ഫില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ബിസിനസിന്റെ വൈപുല്യവും ഉറവിടങ്ങളുമെല്ലാം അന്വേഷണത്തിന് വിധേയമാവണമെന്നും കാസിം ആവശ്യപ്പെടുന്നു.
കെ.എം ഷാജി അവകാശവാദങ്ങള്‍ പൊളിക്കുന്ന കണക്കുകളാണ് 2016ലെ നാമനിര്‍ദേശ പട്ടികയോടൊപ്പം സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2016ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം.ഷാജിയുടെ ആകെ വര്‍ഷികവരുമാനം 2,224,890 രൂപമാത്രമാണ്. വാഹനം, ബാങ്ക് ഡെപ്പോസിറ്റ്, ജ്വല്ലറി തുടങ്ങിയ ഇനത്തില്‍ 21,57,851 ലക്ഷം രൂപയുമുണ്ട്.
ഇതിനു പുറമെ 860000 രൂപയുടെ ലോണുമുണ്ട്. ഭാര്യ ആശയുടെ പേരില്‍ 48,70000 രൂപയുടെ ആസ്തി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടൊപ്പം തന്നെ കെ.എം. ഷാജി സ്വത്തു വര്‍ധിക്കുന്നതോടൊപ്പം ആസ്തിയുടെ മൂല്യം കുറച്ചുകാണിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
2011ല്‍ അഴീക്കോട് മണ്ഡലത്തില്‍ ആദ്യം മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സ്വത്തുവിവരങ്ങളും 2016ല്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സ്വത്തുവിവരങ്ങളും താരതമ്യം ചെയ്താണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. 2011ല്‍ അഴീക്കോട് ആദ്യം മത്സരിക്കുമ്പോള്‍ വയനാട് വൈത്തിരിയിലുള്ള സ്ഥലത്തിന്റെ മൂല്യം 28,92,500 ആയാണ് കാണിച്ചത്. എന്നാല്‍ 2016ല്‍ മത്സരിച്ചപ്പോള്‍ ഇതേ സ്ഥലത്തിന്റെ വില 8 ലക്ഷമായി കുറച്ചാണ് കാണിച്ചിരിക്കുന്നത്.
കേരളത്തില്‍ ഭൂമി വില വര്‍ദ്ധിക്കുമ്പോഴാണ് ലക്ഷങ്ങളുടെ വ്യത്യാസം ആസ്തിയുടെ മൂല്യത്തില്‍ വന്നതായി കെ.എം.ഷാജി കാണിച്ചിരിക്കുന്നത്. ഭാര്യ ആശാ ഷാജിക്ക് 2011ല്‍ വൈത്തിരി കണിയാംപറ്റയിലെ 40.3 സെന്റ് ഭൂമിമാത്രമാണുണ്ടായിരുന്നത്. 2006-ല്‍ വിലക്ക് വാങ്ങിയ ഈ വസ്തുവിന് 6 ലക്ഷം രൂപയാണ് കണക്കായിരുന്നത്. എന്നാല്‍ 2016ല്‍ ഈ സ്ഥലത്തിന്റെയും വില കുറച്ചു കാണിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക