| Saturday, 18th July 2015, 9:51 am

തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത ഇന്ത്യക്കാരനെ ചൈന വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്:  തീവ്രവാദ ബന്ധം ആരോപിച്ച് ചൈനയില്‍ അറസ്റ്റിലായ ഇന്ത്യക്കാരനെ മോചിപ്പിച്ചു. ഇയാളെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.

46 കാരനായ രാജിവ് മോഹന്‍ കുല്‍ശ്രേഷ്ഠയാണ് ചൈനയുടെ തടവില്‍ കഴിഞ്ഞിരുന്നത്. 19 വിദേശികള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ചാരിറ്റിയായ ഗിഫ്റ്റ് ഓഫ് ദ ഗിവേഴ്‌സില്‍ നിന്നും യാത്രചെയ്ത ഇയാള്‍ ചൈനയിലെ ഓര്‍ഡോസസില്‍ നിന്നും അറസ്റ്റിലാവുകയായിരുന്നു.

ഹോട്ടല്‍മുറിയില്‍ നിന്നും നിരോധിത തീവ്രവാദ ഗ്രൂപ്പുകളുടെ വീഡിയോ കണ്ടെന്ന് ആരോപിച്ച് ജൂലൈ 10നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ദല്‍ഹിയില്‍ നിന്നുള്ള ബിസിനസുകാരനാണ് കുല്‍ശ്രഷ്ഠയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.

കുല്‍ശ്രേഷ്ഠയ്‌ക്കൊപ്പം എട്ടുപേരെക്കൂടി ചൈന കസ്റ്റഡിയിലെടുത്തിരുന്നു. 47 ദിവസത്തെ വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു ഇവര്‍. തടവിലെടുത്ത എട്ടുപേരെയും വിട്ടയച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേര്‍ ദക്ഷിണാഫ്രിക്കക്കാരും മൂന്നുപേര്‍ ബ്രിട്ടനില്‍ നിന്നുള്ളവരുമാണ്.

പിടിയിലാവര്‍ക്കെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് ഗിഫ്റ്റ് ഓഫ് ദ ഗിവേഴ്‌സ് ഫൗണ്ടേഷന്‍ അറിയിച്ചു. ഈ സംഘത്തില്‍പ്പെട്ട ആര്‍ക്കോ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ചൈനയുടെ ആരോപണത്തില്‍ വ്യക്തതയില്ലെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more