ബെംഗളൂരു: 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ‘ഇന്ത്യന്‍ നാഷണല്‍ ഡെപലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലൈന്‍സ്’ (INDIA) എന്ന് അറിയപ്പെടും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട തീരുമാനിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
‘മോദി vs ഇന്ത്യ’ എന്നതാകും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. രണ്ടാം ദിവസത്തെ പ്രതിപക്ഷ യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് അഭിപ്രായ എല്ലാവര്‍ക്കും താത്പര്യപ്പെടുന്നൊരു പേരിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഇടതു പാര്‍ട്ടികള്‍ അലൈന്‍സ് (alliance) എന്ന പദത്തിന് പകരം ഫ്രണ്ട് (front) വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അതേസമയം, എന്‍.ഡി.എ (NDA) എന്ന പദം ഒവിവാക്കണമെന്ന് മറ്റു ചിലരും ആവശ്യമുന്നയിച്ചു. പ്രതിപക്ഷം (opposition) എന്ന പേര് മുന്നണിക്ക് വേണ്ടെന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ വാദിച്ചത്.
ചര്‍ച്ചയ്‌ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയാണ് INDIA എന്ന പേര് പ്രഖ്യാപിച്ചതെന്ന് ജിതേന്ദ്ര അഹ്‌വാദ് ട്വീറ്റ് ചെയ്തു.
അതേസമയം, കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട് പ്രധാനമന്ത്രി മോദി എല്ലാ കുളമാക്കിയെന്നും എങ്ങനെയെങ്കിലും അദ്ദേഹത്തെ ഭരണത്തില്‍ നിന്ന് പുറത്താക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ വിമര്‍ശിച്ചു.
ഇന്ത്യയുടെ ഭരണം പിടിക്കാനല്ല പ്രതിപക്ഷ പാര്‍ട്ടി യോഗമെന്നും ഇവിടെ ജനാധിപത്യം തിരികെ കൊണ്ടുവരാനാണ് ഞങ്ങളുടെ കൂട്ടായ്മയെന്നും കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് വിശദീകരിച്ചിരുന്നു.
കോണ്‍ഗ്രസിന് അധികാരം നേടുന്നതിനോ പ്രധാനമന്ത്രി പദവി നേടിയെടുക്കാനോ താല്‍പര്യമില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ബെംഗളൂരുവില്‍ പ്രതിപക്ഷ കൂട്ടായ്മയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.